കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കെ.വി. ബിന്ദുവും വൈസ് പ്രസിഡന്റായി അഡ്വ. ശുഭേഷ് സുധാകരനും ചുമതലയേറ്റു.


കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കെ.വി. ബിന്ദുവും വൈസ് പ്രസിഡന്റായി അഡ്വ. ശുഭേഷ് സുധാകരനും ചുമതലയേറ്റു. ശനിയാഴ്ച്ച രാവിലെ 11ന് നടന്ന ജില്ലാ പഞ്ചായത്ത് യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കെ.വി. ബിന്ദുവിന് 14 വോട്ടും രാധാ വി. നായർക്ക് 7 വോട്ടും ലഭിച്ചു. 21 പേരാണ് വോട്ടുചെയ്തത്. ഒരാൾ എത്തിയില്ല. 

കുമരകം ഡിവിഷനിൽനിന്നുള്ള ജില്ലാ പഞ്ചായത്തംഗമാണ് കെ.വി. ബിന്ദു. നിർമ്മല ജിമ്മി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. 7 വോട്ട് ഭൂരിപക്ഷത്തിനാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കെ.വി. ബിന്ദു തെരഞ്ഞെടുക്കപ്പെട്ടത്. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ വരണാധികാരിയായിരുന്നു. വരണാധികാരിയായ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 



കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി അഡ്വ. ശുഭേഷ് സുധാകരൻ ചുമതലയേറ്റു. 8 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ശുഭേഷ് സുധാകരൻ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഉച്ചകഴിഞ്ഞ് രണ്ടിന് നടന്ന ജില്ലാ പഞ്ചായത്ത് യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ വരണാധികാരിയായി. ശുഭേഷ് സുധാകരന് 14 വോട്ടും ജോസ് മോൻ മുണ്ടയ്ക്കലിന് 6 വോട്ടും ലഭിച്ചു. ഒരു വോട്ട് അസാധുവായി. 

എരുമേലി ഡിവിഷനിൽനിന്നുള്ള ജില്ലാ പഞ്ചായത്തംഗമാണ് അഡ്വ. ശുഭേഷ് സുധാകരൻ. സി.പി.ഐ. കക്ഷി പ്രതിനിധിയാണ്. റ്റി.എസ്. ശരത് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.