സിവിൽ സർവ്വീസ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ കോട്ടയത്തിന്റെ അഭിമാന താരകം, വിവാഹ ആഘോഷങ്ങൾ ലളിതമാക്കി 20 കുട്ടികൾക്ക് പഠന സഹായവുമായി ആര്യയും ശിവയും.


കോട്ടയം: സിവിൽ സർവ്വീസ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ കോട്ടയത്തിന്റെ അഭിമാന താരകമായി മാറിയ ആര്യ തന്റെ വിവാഹ ആഘോഷങ്ങൾ ലളിതമാക്കി പകരം 20 കുട്ടികൾക്ക് ജീവിത വിജയത്തിനായി പഠന സഹായവും ഏറ്റെടുത്തിരിക്കുകയാണ്. 

ജനുവരി 27ന് പാമ്പാടി സബ്ബ് രജിസ്ട്രാർ ഓഫീസിൽ ആയിരുന്നു കോട്ടയം കൂരോപ്പട സ്വദേശിനി ആര്യാ.ആർ.നായരുടെയും ഡൽഹി സ്വദേശിയായ ശിവം ത്യാഗിയും തമ്മിലുള്ള ലളിതമായ വിവാഹ ചടങ്ങ് നടന്നത്. വിവാഹവും ചടങ്ങുകളും ലളിതമാക്കി പകരം 20 കുട്ടികൾക്ക് പഠന സഹായം നൽകാൻ തീരുമാനിക്കുകയായിരുന്നു ഇരുവരും. സിവിൽ സർവ്വീസ് പരീക്ഷയിൽ നൂറ്റിപ്പത്തിമൂന്നാം റാങ്ക് നേടി നാടിനു അഭിമാനമായിരുന്നു ആര്യ. 2019 ഏപ്രിലിൽ പ്രഖ്യാപിച്ച സിവിൽ സർവ്വീസ് പരീക്ഷാ ഫലത്തിൽ മുന്നൂറ്റിയൊന്നാം റാങ്ക് നേടി വിജയം കരസ്ഥമാക്കിയിരുന്നു ആര്യ. 

ചിട്ടയാർന്ന മികച്ച പരിശ്രമത്തിലൂടെ മുന്നൂറ്റിയൊന്നാം റാങ്കിൽ നിന്നും 2021 ൽ നൂറ്റിപ്പത്തിമൂന്നാം റാങ്ക് നേടിയിരുന്നു ആര്യ. 2019 ലെ സിവിൽ സർവ്വീസ് അഭിമുഖ പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് സ്വന്തമാക്കിയതും ആര്യയാണ്. അഭിമുഖ പരീക്ഷയിൽ 275 മാർക്കിൽ 206 മാർക്ക് നേടിയാണ് ആര്യ ഈ നേട്ടം സ്വന്തമാക്കിയത്. കൂരോപ്പട അരവിന്ദം വീട്ടിൽ ജി.രാധാകൃഷ്‌ണൻ നായരുടെയും (പയ്യൻ, റിട്ട. ലേബർ കമ്മീഷണർ ) സുജാത രാധാകൃഷ്ണന്റെയും മകളാണ് ആര്യ.ആർ.നായർ. കൂരോപ്പട ഗ്രാമ പഞ്ചായത്തിൽ നിന്ന് ആദ്യമായാണ് ഒരാൾ  സിവിൽ സർവ്വീസ് പരീക്ഷയിൽ വിജയം നേടുന്നത്. 

ഇന്ത്യൻ റവന്യൂ സർവ്വീസ് ആണ് ആര്യ തിരഞ്ഞെടുത്തിരിക്കുന്നത്. വാഴൂരിലെ പുണ്യം ബാലഭവനിലെ 20 കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ആണ് ആര്യയും ശിവം ത്യാഗിയും ചേർന്ന് ഏറ്റെടുത്തിരിക്കുന്നത്.