എം.ജി. സ൪വകലാശാലാ ഗ്ലോബൽ അക്കാദമിക് കാ൪ണിവലിന് ഇന്ന് തുടക്കം.


കോട്ടയം: ഉന്നത പഠന-ഗവേഷണ മേഖലകളിലെ നൂതന സാധ്യതകളിലേക്ക് വാതിൽ തുറക്കുന്ന മഹാത്മാ ഗാന്ധി സ൪വകലാശാലാ ഗ്ലോബൽ അക്കാദമിക് കാ൪ണിവൽ യുനോയ 2023 ഇന്ന് കോട്ടയത്ത് ആരംഭിക്കും. രാവിലെ 9.30 ന് പ്രധാന വേദിയായ കോട്ടയം മാമ്മന്‍ മാപ്പിള ഹാളിൽ  ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു മൂന്നു ദിവസത്തെ പ്രദ൪ശനം ഉദ്ഘാടനം ചെയ്യും. 

തിരുവഞ്ചുര്‍ രാധാകൃഷ്ണൻ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ പ്രദര്‍ശനം അഡ്വ. ജോസ് കെ. മാണി എംപിയും സെമിനാറുകള്‍ അഡ്വ. തോമസ് ചാഴികാടന്‍ എംപിയും പുസ്തകോത്സവം കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജും ഉദ്ഘാടനം ചെയ്യും. ചലച്ചിത്രോത്സവത്തിന്‍റെ ഉദ്ഘാടനം നടി സുരഭി ലക്ഷ്മി നിര്‍വഹിക്കും. സാംസ്കാരികോത്സവം സംവിധായകന്‍ ലാല്‍ ജോസ് ഉദ്ഘാടനം ചെയ്യും. 

സി.കെ. ആശ എം.എല്‍.എ, എം.ജി സ൪വകലാശാലാ വൈസ് ചാൻസല൪ പ്രഫ. സാബു തോമസ്, ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്‍റ്  പി.കെ. ഹരികുമാര്‍, സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് അംഗം പ്രഫ. പി. ഹരികൃഷ്ണന്‍, രജിസ്ട്രാര്‍ ഡോ. ബി. പ്രകാശ് കുമാര്‍ യൂണിവേഴ്സിറ്റി യൂണിയൻ ചെയ൪പേഴ്സൺ ജിനീഷ രാജൻ എന്നിവ൪ സംസാരിക്കും. 

നാഗമ്പടം ഇന്‍ഡോ൪ സ്റ്റേഡിയത്തിൽ നടക്കുന്ന വിദ്യാഭ്യാസ പ്രദര്‍ശനത്തില്‍ സ൪വകലാശാലയിലെ വകുപ്പുകളുടെയും അഫിലിയേറ്റഡ് കോളജുകളുടെയും സ്റ്റാളുകളുണ്ട്.  പുസ്തകോത്സവം, ശിൽപ്പശാലകൾ, ചലച്ചിത്രോത്സവം, മെഡിക്കൽ എക്സിബിഷൻ എന്നിവയും അക്കാദമിക് കാ൪ണിവലിന്‍റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.