പഴയിടം നല്ലയിടമാണെന്ന് തിരിച്ചറിയണം; വി എൻ വാസവൻ.


കോട്ടയം: പഴയിടം നല്ലയിടമാണെന്ന് തിരിച്ചറിയണമെന്നു സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ. ഭവനസന്ദർശനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പഴയിടം മോഹൻനമ്പൂതിരിയെ അദ്ദേഹത്തിന്റെ വസതിയിൽ എത്തി മന്ത്രി കണ്ടിരുന്നു. മൂന്നുപതിറ്റാണ്ടായി സഹോദര തുല്ല്യമായ ബന്ധമാണ് അദ്ദേഹവുമായുള്ളത് എന്ന് വി എൻ വാസവൻ പറഞ്ഞു.

''കോവിഡ് കാലത്തിന്റെ ഓർമ്മകളിലേക്കാണ് അവിടെ എത്തിയ നിമിഷം എന്നെ കൊണ്ടുപോയത്, കോട്ടയം മെഡിക്കൽ കോളജിലെ രോഗികൾക്ക് ഭക്ഷണം കിട്ടാൻ ബുദ്ധിമുട്ടാണ് എന്ന കാര്യം അന്ന് ആശുപത്രി സൂപ്രണ്ട് വളരെ വേദനയോടെയാണ് അറിയിച്ചത്. ആശുപത്രി രോഗികൾ പട്ടിണിയിലാകും എന്തു ചെയ്യും എന്നായിരുന്നു ചോദ്യം. അഭയം ചാരിറ്റബിൾ സൊസൈറ്റി ആ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു. ഭക്ഷണം പാചകം ചെയ്യാൻ തീരുമാനിക്കുമ്പോൾ ഇതിനുള്ള സംവിധാനങ്ങൾ എങ്ങനെ ഒരുക്കും എന്നതായിരുന്നു പ്രതിസന്ധി. പാത്രങ്ങളും മറ്റ് സാധനങ്ങളും ലഭിക്കണം, പഴയിടത്തെ വിളിക്കുകയായിരുന്നു  അന്ന് ഞാൻ ചെയ്തത്'' കേട്ട മറുപടി ഇന്നും കാതുകളിൽ മുഴങ്ങുന്നുണ്ട്. വാസവൻ ചേട്ടന് എന്താണ് ആവശ്യം ഇങ്ങോട്ടു പോരൂ. കെ എൻ വേണുഗോപാലുമൊന്നിച്ച് അവിടെ ചെല്ലുമ്പോൾ ഒരു ലോറി നിറച്ച് പാത്രങ്ങൾ കയറ്റി കാത്തിരിക്കുകയായിരുന്നു അദ്ദേഹം. 



മഹാമാരിയുടെ കാലത്ത് സന്മനസ്സ് കാണിച്ച അദ്ദേഹത്തെ  മാറ്റിനിർത്താനോ മറക്കാനോ  കഴിയില്ല എന്നും ഏതെങ്കിലും തരത്തിൽ മറന്നാൽ വലിയ തരത്തിലുള്ള അനീതിയാകും അത് എന്നും വി എൻ വാസവൻ പറഞ്ഞു. 635 ദിവസമാണ് ആ പാത്രങ്ങൾ ഉപയോഗിച്ച് പാചകം ചെയ്തത്. 15,2000 പേർക്കാണ് അന്ന് അഭയം അന്നം നൽകിയത്. കൊവിഡിന്റെ തീവ്രതയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് എങ്ങും ഒന്നും കിട്ടാതിരുന്ന കാലത്തായിരുന്നു ഈ ദൗത്യം ഏറ്റെടുത്തത് എന്ന് ഓർമ്മിക്കണം. ഒരു രൂപ പോലും വാടക വാങ്ങിയില്ല. അതുമാത്രമല്ല എല്ലാ വിശേഷ ദിവസങ്ങളിലും പായസവും മെഡിക്കൽ കോളജിൽ വിതരണം ചെയ്യാനായി എത്തിച്ചിരുന്നു. 

ഒന്നിനും കണക്ക് സൂക്ഷിക്കാതെ മനസു നിറയെ നന്മയുള്ള മനുഷ്യനെ ആർക്കാണ് കുറ്റപ്പെടുത്താൻ കഴിയുക. നിരവധി സന്ദർഭങ്ങളിൽ എന്റെ അഭ്യർത്ഥന അനുസരിച്ച് പലർക്കായി സഹായം ചെയ്തിട്ടുണ്ട്. പാവപ്പെട്ടവരുടെ വിവാഹത്തിന് ഭക്ഷണം നൽകിയിട്ടുണ്ട്. തൊഴിലാളികൾക്ക് ഒരു വിഷമവും വരാതെ കോവിഡ് കാലത്ത് സംരക്ഷിച്ച് നിർത്തിയിരുന്നു.  നന്മ നിറഞ്ഞ മനസ്സാണ് അദ്ദേഹത്തിന്റേത്. 

ഉയർന്ന സാമൂഹ്യബോധത്തിന്റെയും, ഉദാത്തമായ മനുഷ്യ സ്‌നേഹത്തിന്റെയും അക്ഷയഖനിയാണ് പഴയിടം മോഹൻനമ്പൂതിരി എന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.