ചികിത്സ മാത്രമല്ല ഈ നാൽവർ സംഘത്തിന് പാട്ടും വഴങ്ങും; പതിവ് തെറ്റിക്കാതെ ഭക്തിഗാനാർച്ചനയുമായി ഡോക്ടർമാർ.


സന്നിധാനം: സന്നിധാനത്തെത്തുന്ന അയ്യപ്പ ഭക്തർക്ക് ചികിത്സ നൽകുക മാത്രമല്ല ഭക്തി ഗാനാർച്ചനയിലൂടെ ഭക്തരുടെ മനം കുളിർപ്പിക്കുക കൂടിയാണ് സന്നിധാനത്തെ സർക്കാർ ആശുപത്രിയിൽ സേവനത്തിനായി എത്തിയ ഡോക്ടർമാരായ നാല് പേർ. സേവനത്തിനൊപ്പം ഭക്തി ഗാനാർച്ചനയുമൊരുക്കുക നിയോഗമെന്നുറപ്പിച്ചായിരുന്നു ഇവർ ബുധനാഴ്ച്ച രാവിലെ ശ്രീശാസ്താ ഓഡിറ്റോറിയത്തിൽ ഗാനങ്ങൾ ആലപിച്ചത്.

 

 ഇ എൻ ടി വിഭാഗത്തിലെ ഡോ. മണികണ്ഠൻ, പീഡിയാട്രീഷൻ  ഡോ.രഞ്ജിത്ത്, സർജറി വിഭാഗത്തിലെ ഡോ. അരുൺ, ഓർത്തോ വിഭാഗത്തിലെ ഡോ.അനൂപ് എന്നീ നാലംഗ സംഘമാണ് ഭക്തിഗാനാർച്ചനക്ക് നേതൃത്വം നൽകിയത്. അയ്യപ്പ സന്നിധാനത്ത് ഗാനാർച്ചന നടത്തുന്ന ഡോ. മണികണ്ഠൻ്റെ പതിവിന് ഒന്നരപതിറ്റാണ്ടിലേറെ പഴക്കമുണ്ട്. മറ്റ് മൂവരും കഴിഞ്ഞ ഏതാനും വർഷങ്ങളായി സന്നിധാനത്തെത്തി  ഡോ. മണികണ്ഠനൊപ്പം ചേർന്ന് ഗാനങ്ങളാലപിച്ച് ഭക്തിഗാനാർച്ചനയിലൂടെ സായൂജ്യമണയുന്നു. സന്നിധാനത്തെ സർക്കാർ ആശുപത്രിയിലേക്ക് സേവനം ചോദിച്ച് വാങ്ങിയായിരുന്നു ഇത്തവണയും ഈ ഡോക്ടർമാർ മലകയറി സേവനത്തിനെ ത്തിയത്. 

കർമ്മനിരതരാകുന്നതിനൊപ്പം ഭക്തിയിൽ ലയിച്ച മനസുമായെത്തി ആലപിച്ച ഗാനങ്ങൾക്ക് ഒഴുക്കേകി ഡോ.അരുൺ ഓടക്കുഴലിലും സംഗീത ഗാനാർച്ചനയൊരുക്കി. നിറഞ്ഞ മനസ്സോടെയും അതിലേറെ സന്തോഷത്തോടെയുമാണ് സന്നിധാനത്തെത്തി ഭക്തർക്കായി സേവനം അനുഷ്ഠിക്കുന്നതെന്ന് ഈ ഡോക്ടർമാർ പറഞ്ഞു. ഡോ. മണികണ്ഠൻ ഇടുക്കി സ്വദേശിയും ഡോ. അരുൺ ചങ്ങനാശ്ശേരി സ്വദേശിയും ഡോ.അനൂപ് കോഴിക്കോട് സ്വദേശിയും ഡോ.രഞ്ജിത്ത് കണ്ണൂർ പയ്യന്നൂർ സ്വദേശിയുമാണ്. ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ലെങ്കിലും കടിഞ്ഞാണിടാനാകാത്ത ആഗ്രഹത്തിൻ്റെ പിൻബലമാണ് ഈ നാലംഗ സംഘത്തെ ഭക്തിഗാനാർച്ചനക്കായി വേദിയിലെത്തിക്കുന്നത്.