പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ മൂന്ന് വില്ലേജ് ഓഫീസുകൾ സ്മാർട്ട് വില്ലേജ് ഓഫീസുകൾ ആയി മാറി, ഉത്‌ഘാടനം മന്ത്രി കെ. രാജൻ നിർവ്വഹിച്ചു.


മുണ്ടക്കയം: പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ മൂന്ന് വില്ലേജ് ഓഫീസുകൾ സ്മാർട്ട് വില്ലേജ് ഓഫീസുകൾ ആയി മാറി. സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉത്‌ഘാടനം സംസ്ഥാന റവന്യൂ -ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ.കെ രാജൻ നിർവ്വഹിച്ചു. തിങ്കളാഴ്ച്ച കൂട്ടിക്കൽ, മുണ്ടക്കയം,കൂവപ്പള്ളി സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉത്ഘടനമാണ് മന്ത്രി നിർവ്വഹിച്ചത്.

 

 ഉൽഘാടന ചടങ്ങുകളിൽ ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ, സബ് കളക്ടർ സഫ്ന നസറുദ്ധീൻ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജിനു പുന്നൂസ്, ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, വിവിധ വകുപ്പ് അധികൃതർ തുടങ്ങിയവർ പങ്കെടുത്തു. പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ ആകെ 13 വില്ലേജ് ഓഫീസുകൾ ആണുള്ളത്. പൂഞ്ഞാർ തെക്കേക്കര, എരുമേലി തെക്ക് വില്ലേജ് ഓഫീസുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ധൃതഗതിയിൽ നടന്നുവരുന്നു. 

പഴയ ഓഫീസ് കെട്ടിടം പൊളിച്ച് മാറ്റിയാണ് കൂവപ്പള്ളിയിൽ 1440 ചതുരശ്ര അടിയിൽ പുതിയ ഒറ്റനില കെട്ടിടം വില്ലേജ് ഓഫീസിനായി പണിതത്. എം.എൽ.എ ഫണ്ടിൽ നിന്നുള്ള 44 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം പണിതത്. ഭിന്നശേഷി സൗഹൃദമായ കെട്ടിടത്തിൽ നാല് മുറികളും ഹാളും നാല് ശുചി മുറികളും ഉണ്ട്. നിർമ്മിതി കേന്ദ്രത്തിനായിരുന്നു നിർമാണചുമതല. 

പഴയ വില്ലേജ് ഓഫീസ് പൊളിച്ച് മാറ്റിയാണ് കൂട്ടിക്കല്ലിൽ എം.എൽ എ ഫണ്ടിൽ നിന്നുള്ള 44 ലക്ഷം രൂപ ഉപയോഗിച്ച് പുതിയ ഒറ്റ നില കെട്ടിടം പണിതത്. 1420 ചതുരശ്ര അടിയോട് കൂടിയ പുതിയ കെട്ടിടം ഭിന്നശേഷി സൗഹൃദമാണ്. നാല് മുറികളും ഹാളും നാല് ശുചി മുറികളും അടങ്ങിയ കെട്ടിടത്തിന്റെ നിർമ്മാണവും നിർമ്മിതി കേന്ദ്രമായിരുന്നു. 

എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ചാണ് മുണ്ടക്കയത്ത് പഴയ കെട്ടിടം പൊളിച്ച് മാറ്റി പുതിയ കെട്ടിടം പണിതത്. 1100 ചതുരശ്ര അടിയുള്ള പുതിയ കെട്ടിടം ഭിന്നശേഷി സൗഹൃദമാണ്. മൂന്ന് മുറികളും ഒരു ഹാളും രണ്ട് ശുചി മുറികളും അടങ്ങുന്നതാണ് പുതിയ ഒരു നില കെട്ടിടം. പൊതുമരാമത്ത് വകുപ്പിനായിരുന്നു നിർമാണചുമതല.