അഞ്ജുവിനും പിഞ്ചോമനകൾക്കും നാട് കണ്ണീരോടെ യാത്രാ മൊഴിയേകും, ബ്രിട്ടനിൽ കൊല്ലപ്പെട്ട കോട്ടയം വൈക്കം സ്വദേശിനിയുടെയും മക്കളുടെയും സംസ്കാരം ശനിയാഴ്ച.


വൈക്കം: ബ്രിട്ടനിൽ കൊല്ലപ്പെട്ട കോട്ടയം വൈക്കം സ്വദേശിനി അഞ്ജുവിനും പിഞ്ചോമനകൾക്കും ശനിയാഴ്ച നാട് കണ്ണീരോടെ യാത്രാ മൊഴിയേകും. ശനിയാഴ്ച്ച രാവിലെ 8 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചേരുന്ന അഞ്ചുവിന്റെയും പിഞ്ചോമനകളുടെയും ഭൗതിക ദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങും. തുടർന്ന് 11 മണിയോടെ വീട്ടിൽ എത്തിക്കും.

 

 വീട്ടിലെ പൊതുദര്ശന ചടങ്ങുകൾക്ക് ശേഷം ഉച്ചക്ക് 1 മണിക്ക് മൂവരുടെയും മൃതദേഹങ്ങൾ വീട്ടുവളപ്പിൽ സംസ്കരിക്കും. ഡിസംബർ 15 വ്യാഴാഴ്ചയായിരുന്നു ദാരുണ സംഭവം ഉണ്ടായത്. കെറ്ററിംങ്ങിലെ വാടകവീട്ടിൽ വച്ച് കണ്ണൂർ സ്വദേശിയായ ചേലവേലിൽ ഷാജു ഭാര്യയായ അഞ്ജു അശോകിനെയും മക്കളായ ജീവ (6), ജാൻവി (4) എന്നിവരെയും കൊലപ്പെടുത്തിയത്. നൂറുകണക്കിന് ആളുകളാണ് നേഴ്സായ അഞ്ജുവിന്റെ മൃതദേഹം കെറ്ററിംങ്ങിൽ പൊതു ദർശനത്തിനു വച്ചപ്പോൾ കണ്ണീരോടെ യാത്രാ മൊഴിയേകാൻ എത്തിയത്. കെറ്ററിംങ് റോക്കിംങ്ങാം റോഡിലെ സാൽവേഷൻ ആർമി ചർച്ച് കമ്മ്യൂണിറ്റി ഹാളിലായിരുന്നു പൊതുദർശനം. 



സഹപ്രവർത്തകരും സുഹൃത്തുക്കളുമടക്കം വലിയ ജനാവലിയാണ് അഞ്ജുവിനെ അവസാനമായി ഒരു നോക്ക് കാണുന്നതിനായി എത്തിയത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഭർത്താവ് കണ്ണൂർ സ്വദേശി സാജുവിനെ കോടതി റിമാൻഡ് ചെയ്തിരുന്നു. അഞ്ജുവിനെയും മക്കളെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോസ്റ്റ്മോർട്ടം പരിശോധനാ റിപ്പോർട്ട് വ്യക്തമാക്കുന്നത്. അഞ്ജുവിന്റെ ദേഹത്ത് ആഴത്തിലുള്ള മുറിവുകളും കണ്ടെത്തിയിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഇന്ത്യൻ ഹൈക്കമ്മിഷൻ രേഖാമൂലം തോമസ് ചാഴികാടൻ എംപിയെ അറിയിച്ചിരുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ ശക്തമായ ഇടപെടലാണ് ഇക്കാര്യത്തിൽ ഉണ്ടായത്. വൈക്കം മറവന്തുരുത്തിന് സമീപം കുലശേഖരമംഗലം സ്വദേശിനിയായ അഞ്ജു യുകെയിലെ കെറ്ററിംഗിലെ ആശുപത്രിയിൽ നഴ്സ് ആയി ജോലി നോക്കുകയായിരുന്നു. 



ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കളും ബന്ധുക്കളും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ സാധിക്കാതെവന്നതോടെയാണ് സംശയം തോന്നിയ സുഹൃത്തുക്കൾ വീട്ടിലെത്തി പരിശോധിച്ചത്. വീട് ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു. സുഹൃത്തുക്കൾ പോലീസിനെ വിവരം അറിയിക്കുകയും തുടർന്ന് പോലീസ് എത്തി വീട് തുറന്നപ്പോൾ അഞ്ജുവിനെയും മക്കളെയും മരിച്ച നിലയിൽ കാണുകയുമായിരുന്നു.