കോട്ടയം മരങ്ങാട്ടുപിള്ളിയില്‍ ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം.


മരങ്ങാട്ടുപിള്ളി: കോട്ടയം മരങ്ങാട്ടുപിള്ളിയില്‍ ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം. കുറവിലങ്ങാട് പകലോമറ്റം ഐക്കരത്താഴത്ത് ബേബിയുടെ ഭാര്യ സോഫി(50) ആണ് മരിച്ചത്.

കോഴ-പാലാ റോഡില്‍ മരങ്ങാട്ടുപള്ളി ടൗണില്‍ ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. സോഫിയും മരുമകൻ പള്ളിക്കത്തോട് അരുവിക്കുഴി തകടിയേൽ ജിമ്മിയും സഞ്ചരിച്ചിരുന്ന ബൈക്കിൽ എറണാകുളത്തുന്നിന്ന് വന്ന ടാങ്കര്‍ ലോറി ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്നും റോഡിലേക്ക് തെറിച്ച് വീണ സോഫിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി തല്ക്ഷണം മരണം സംഭവിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന മരുമകന്റെ കാലിനു ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.


ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് കാറിനെ മറികടക്കുന്നതിനിടെ പിന്നാലെയെത്തിയ ടാങ്കർ ലോറി ഇടിച്ചു കയറുകയായിരുന്നു. ബൈക്കിന് മുൻപിൽ പോയ കാർ പെട്ടന്ന് വേഗം കുറച്ചതിനെ തുടർന്ന് ബൈക്ക് വെട്ടിക്കുകയും ഈ സമയം പിന്നാലെ എത്തിയ ടാങ്കർ ലോറി ബൈക്കിൽ ഇടിച്ചു കയറുകയുമായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബൈക്ക് വെട്ടിക്കുന്നത് കണ്ട് എതിർവശത്ത് നിന്നും എത്തിയ കാർ നിർത്തിയെങ്കിലും ടാങ്കർ ലോറി ബൈക്കിലിടിച്ച ശേഷം ഇരുകാറുകളിലും ഇടിക്കുകയായിരുന്നു.