കോട്ടയം നഗരസഭാ ചെയർപേഴ്‌സണെതിരെ അവിശ്വാസപ്രമേയം നാളെ! എൽ ഡി എഫിന്റെ രണ്ടാമത്തെ അവിശ്വസപ്രമേയം, നാടകീയ സംഭവങ്ങൾക്ക് വഴിയൊരുങ്ങിയേക്കും.


കോട്ടയം: ഭരണസ്തംഭനം ചൂണ്ടിക്കാട്ടി കോട്ടയം നഗരസഭാ ചെയർപേഴ്‌സണെതിരെ വീണ്ടും അവിശ്വാസപ്രമേയവുമായി ഇടതുപക്ഷം. യു ഡി എഫ് ചെയർപേഴ്‌സണായ ബിൻസി സെബാസ്റ്റ്യനെതിരെയാണ് ഇടതുപക്ഷം അവിശ്വാസപ്രമേയത്തിനൊരുങ്ങുന്നത്.  അവിശ്വാസപ്രമേയം നാളെ ചർച്ചയ്ക്ക് എടുക്കും. കോട്ടയം നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യനെതിരെ എൽ ഡി എഫ് കൊണ്ടുവരുന്ന രണ്ടാമത്തെ ആവിശ്വാസ പ്രമേയമാണ് ഇത്.

നാളെ രാവിലെ 11 മണിക്ക് നഗരസഭ ഹാളിൽ പ്രമേയം ചർച്ചക്ക് എടുക്കും. അവിശ്വാസപ്രമേയത്തിൽ ബി ജെ പിയുടെ നിലപാട് നിർണ്ണായകമാണ്. കഴിഞ്ഞ തവണ അവിശ്വാസപ്രമേയം അവതരിപ്പിച്ചെങ്കിലും നടന്ന തെരഞ്ഞെടുപ്പിൽ യു ഡി എഫ് തന്നെ വീണ്ടും വിജയിക്കുകയായിരുന്നു. കഴിഞ്ഞ തവണ ബി ജെ പി പിന്തുണയോടെയാണ് ഇടതുപക്ഷം അവിശ്വാസ പ്രമേയം പാസാക്കിയത്. 52 അംഗ കോട്ടയം നഗരസഭയിലെ ഒരു അംഗം മരണപ്പെട്ടതിനെ തുടർന്ന് യു ഡി എഫിന് 21 അംഗങ്ങളും ഇടതുപക്ഷത്തിന് 22 അംഗങ്ങളുമാണ് നഗരസഭയിലുള്ളത്. ബിജെപിക്ക് 8 അംഗങ്ങളാണുള്ളത്.

ഇത്തവണത്തെ അവിശ്വാസ പ്രമേയത്തിൽ ബി ജെ പി നിലപാട് നിർണ്ണായകമാണ്. എൽ ഡി എഫിനെ ബി ജെ പി പിന്തുണയ്ക്കുകയോ അവിശ്വാസ പ്രമേയത്തിൽ നിന്നും വിട്ടു നിൽക്കുകയോ ചെയ്താലും നിലവിലെ സാഹചര്യത്തിൽ അവിശ്വാസം പാസാകും. ചിങ്ങവനം പുത്തൻ തോട് വാർഡ്‌ അംഗം ജിഷ ഡെന്നിയുടെ നിര്യാണത്തോടെയാണ് യു ഡി എഫ് അംഗബലം 21 ആയി കുറഞ്ഞത്. കോട്ടയം നഗരസഭയിൽ യു ഡി എഫ് 22, എൽ ഡി എഫ് 22, ബി ജെ പി 8 എന്നിങ്ങനെയായിരുന്നു അംഗബലം.

തെരഞ്ഞെടുപ്പിന് ശേഷം കോണ്ഗ്രസ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ച ബിൻസി സെബാസ്റ്റ്യന് ചെയർപേഴ്സൺ സ്ഥാനം ഉറപ്പ് നൽകി കൂടെ നിർത്തിയാണ് യു ഡി എഫ് 22 അംഗബലത്തിൽ എത്തിയത്. 20 വർഷമായി കോട്ടയം നഗരസഭാ ഭരിക്കുന്ന യു ഡി എഫിന്റെ കയ്യിൽ നിന്നും നഗരസഭാ ഭരണം പിടിക്കാൻ ഒരുങ്ങുകയാണ് ഇടതുപക്ഷം. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനമനുസരിച്ചാകും അവിശ്വാസപ്രമേയത്തിൽ ബി ജെ പി നിലപാട്. ഇന്ന് സംസ്ഥാന കമ്മറ്റിയിൽ ചർച്ച ചെയ്ത ശേഷം നാളെ രാവിലെ പാർലമെന്ററി പാർട്ടി യോഗം ചേർന്ന ശേഷമായിരിക്കും തീരുമാനമെടുക്കുക. യു ഡി എഫിനും എൽ ഡി എഫിനും തുല്യ വോട്ട് നില വന്നതോടെ നറുക്കെടുപ്പിലൂടെയാണ് യു ഡി എഫിന് ഭരണം ലഭിച്ചതും ബിൻസി സെബാസ്റ്റ്യൻ ചെയർപേഴ്സൺ ആയതും.