പൊൻകുന്നം: കേരളത്തിനെതിരായ പരാമർശങ്ങളിൽ അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എന്ത് അപകടമാണ് അമിത് ഷാക്ക് കേരളത്തെക്കുറിച്ച് പറയാനുള്ളതെന്ന് മുഖ്യമന്ത്രി ചോദിച്ചു. കൂടുതല് പറയുന്നില്ല എന്നാണ് അമിത്ഷാ പറഞ്ഞത്, പറഞ്ഞോളു, എന്തിനാണ് പകുതി പറഞ്ഞ് നിര്ത്തുന്നത്. ബിജെപി വര്ഗ്ഗീയ സംഘര്ഷങ്ങളും കലാപങ്ങളും സൃഷ്ടിക്കുന്നു. അത് നടക്കാത്ത ഏക ഇടം കേരളമാണ്. കേരളത്തിലും വര്ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാനാണ് അമിത്ഷായുടെയും കൂട്ടരുടെയും ശ്രമം. അമിത്ഷായുടെ പൂതി നടക്കില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയം പൊന്കുന്നത്ത് സിപിഐ എം വാഴൂര് ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിന്റെ സ്ഥിതി എന്താണെന്ന് എല്ലാവര്ക്കും അറിയാം. എന്ത് കുഴപ്പമാണ് കേരളത്തിലുള്ളതെന്ന് അമിത് ഷാ പറയണം. കര്ണാടകയില് ന്യൂനപക്ഷ വിഭാഗങ്ങള് വ്യാപക ആക്രമണത്തിന് ഇരയാകുന്നു. കേരളത്തില് മതന്യൂനപക്ഷങ്ങള് സുരക്ഷിതരാണ്. എന്നാല് ഇത് മറച്ചുവെച്ചുകൊണ്ടാണ് കര്ണാടകത്തില് അമിത്ഷായുടെ പ്രസംഗം - മുഖ്യമന്ത്രി പറഞ്ഞു. ത്രിപുര തെരഞ്ഞെടുപ്പ് വിഷയത്തില് മോദി നടത്തിയ പരാമര്ശത്തെയും മുഖ്യമന്ത്രി വിമര്ശിച്ചു.
കേരളത്തില് ഗുസ്തി പിടിക്കുന്നവര് ത്രിപുരയില് ദോസ്തുക്കള് എന്നായിരുന്നു മോദിയുടെ പരിഹാസം. കോണ്ഗ്രസ് നടത്തിയ അതിക്രമങ്ങളെയും ത്രിപുരയിലെ പാര്ട്ടി നേതൃത്വം നേരിട്ട ചരിത്രം ഉണ്ട്. ത്രിപുരയില് പാര്ട്ടിയെ ഇല്ലാതാക്കാന് കോണ്ഗ്രസ് പരമാവധി ശ്രമിച്ചിട്ടുണ്ട്. ആ നീക്കത്തെ പാര്ട്ടി ചെറുത്തുതോല്പ്പിച്ചു. എന്നാല് ഇന്ന് സംഘപരിവാര് അതിക്രമങ്ങളുടെ വിളനിലമായി ത്രിപുര മാറിയിരിക്കുന്നു. ഇത്തരത്തില് വസ്തുതകളെ മറച്ചുപിടിച്ചുകൊണ്ട് മോദിയും അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
വിവിധ സംസ്ഥാനങ്ങളില് പ്രാദേശികമായി ശക്തിയുള്ള കക്ഷികളുണ്ട്. അവരെ ഏകോപിപ്പിക്കാനാണ് പാര്ട്ടിയുടെ ശ്രമമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്ത്തു. ശനിയാഴ്ചയായിരുന്നു കര്ണാടകയിലെ പുത്തൂരിലെ റാലിയില് വെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തെ അധിക്ഷേപിച്ചത്. ബിജെപി സര്ക്കാരിന് മാത്രമെ കര്ണാടകയെ സുരക്ഷിതമാക്കി നിലനിര്ത്താന് കഴിയുവെന്നും അയല്സംസ്ഥാനമായ കേരളത്തെ കുറിച്ച് ഒന്നും പറയേണ്ടതില്ലല്ലോയെന്നും അമിത് ഷാ പറഞ്ഞിരുന്നു.