കേരള നെല്ലുസംഭരണ സംസ്‌കരണ വിപണന സഹകരണസംഘത്തിന് റൈസ് മില്ല് സ്ഥാപിക്കാൻ ആതിരമ്പുഴയിൽ ഭൂമി.


കോട്ടയം: കേരള നെല്ലുസംഭരണ സംസ്‌കരണ വിപണന സഹകരണസംഘത്തിന് റൈസ് മില്ല് സ്ഥാപിക്കാൻ ആതിരമ്പുഴയിൽ ഭൂമി അനുവദിക്കുന്നതിനു തീരുമാനമായതായി സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു.

കേരളത്തിലെ നെൽകർഷകരുടെ തീരാദുരിതത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി രൂപീകരിച്ചതാണ് കേരള നെല്ലുസംഭരണ സംസ്‌കരണ വിപണന സഹകരണസംഘമായ കാപ്കോസ്. നെല്ല് സംഭരണത്തിനായി ഗോഡൗണും മൂല്ല്യ വർദ്ധിത ഉത്പന്ന നിർമ്മാണത്തിന് ഫാക്ടറിയും സ്ഥാപിക്കുന്നതിനായാണ് സ്ഥലം അനുവദിക്കുന്നതിന് തീരുമാനമായത്.

അതിരമ്പുഴ ഗ്രാമപഞ്ചായത്തിൽ വേദഗിരിയിൽ വ്യവസായ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കോട്ടയം ടെക്‌സ്റ്റൈൽസിന്റെ കൈവശമുള്ള ഭൂമിയിൽ നിന്ന് 10 ഏക്കർ ഭൂമി അനുവദിക്കുന്നതിനാണ് തീരുമാനമായത്. വ്യവസായ വകുപ്പ് മന്ത്രി പി രാജീവുമായി ചേർന്ന യോഗത്തിലാണ് തീരുമാനം എന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.

സ്ഥലം പരിശോധിക്കുന്നതിനായി ശനിയാഴ്ച്ച സഹകരണ വകുപ്പിന്റെയും വ്യവസായ വകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.