തൃശൂരിൽ ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസ്സിന് തീ പിടിച്ചു, തീ പിടിച്ചത് നിലമ്പൂർ-കോട്ടയം സൂപ്പർ ഫാസ്റ്റ് ബസ്സിന്, വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്.


കോട്ടയം: തൃശൂരിൽ ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസ്സിന് തീ പിടിച്ചു. നിലമ്പൂർ-കോട്ടയം സൂപ്പർ ഫാസ്റ്റ് ബസ്സിന് ആണ് തീ പിടിച്ചത്. നിലമ്പൂരിൽ നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് ബസ്സിന് തൃശൂർ പുഴയ്ക്കൽ ഭാഗത്ത് വെച്ചാണ് തീ പിടിത്തം ഉണ്ടായത്.

ബസ്സിന്റെ അടിഭാഗത്ത് നിന്നും തീയും പുകയും ഉയരുകയായിരുന്നു. ഇതുകണ്ട യാത്രക്കാർ ഡ്രൈവറേയും കണ്ടക്ടറെയും വിവരമറിയിക്കുകയും വാഹനം റോഡിനു സമീപം ഒതുക്കി നിർത്തി യാത്രക്കാർ വേഗത്തിൽ പുറത്തിറങ്ങുകയുമായിരുന്നു. വൻ അപകടം ഒഴിവായത് തലനാരിഴയ്ക്കാണ്. ബസ്സിന്റെ എഞ്ചിൻ ഭാഗത്തു നിന്നുമാണ് തീ പടർന്നത്. ബസ്സിന്റെ ഉള്ളിൽ മുൻഭാഗം തീ പിടിച്ചു നശിച്ചു.



വാഹനം നിർത്തിയ ശേഷം സമീപത്തെ പെട്രോൾ പമ്പിൽ നിന്നുമാണ് അഗ്നിശമന ഉപകരണങ്ങൾ എത്തിച്ചു തീ കെടുത്തിയത്. അപകടത്തിൽ ആർക്കും പരിക്കില്ല. 30 യാത്രക്കാരാണ് ബസ്സിൽ ഉണ്ടായിരുന്നത്. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. തൃശൂരിൽ നിന്നും രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേന എത്തിയാണ് തീ പൂർണ്ണമായും അണച്ചത്.