കോട്ടയം മെഡിക്കൽ കോളേജിലെ ഹൃദയ ശസ്ത്രക്രിയാവിഭാഗം കൈവരിച്ചിരിക്കുന്നത് അപൂർവ്വമായ നേട്ടം; വി എൻ വാസവൻ.


കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ ഹൃദയ ശസ്ത്രക്രിയാവിഭാഗം വീണ്ടും അപൂർവ്വമായ നേട്ടം കൈവരിച്ചിരിക്കയാണ് എന്ന് സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ഹൃദയം തുറക്കാതെ രക്തക്കുഴലുകളിൽ കൂടി കടത്തിവിടുന്ന ട്യൂബിലൂടെ (കത്തീറ്റർ) ഹൃദയ വാൽവ് മാറ്റുന്ന നൂതന ശസ്ത്രക്രിയയായ " ടാവി "യാണ് വിജയകരമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയത്. 

പത്തനംതിട്ട സ്വദേശിയായ അറുപത്തിയൊന്നുകാരിയാണ് ശസ്‌ക്രിയയ്ക്ക് വിധേയയായത്. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, കാർഡിയോളജി വിഭാഗം മേധാവി ഡോ. വി.എൽ. ജയപ്രകാശ്, ഡോ. ആശിഷ് കുമാർ, ഡോ. എൻ. ജയപ്രസാദ്, ഡോ. സുരേഷ് മാധവൻ, ഡോ. മഞ്ജുനാഥ്, ഡോ. പി.ജി അനീഷ്, ഡോ. മഞ്ജുഷ പിള്ള, നഴ്‌സുമാരായ എലിസബത്ത്, ഗോപിക, ടെക്‌നീഷ്യന്മാരായ അരുണ, ജിജിൻ, സന്ധ്യ എന്നിവരടങ്ങിയ മെഡിക്കൽ സംഘമാണ് ടാവിക്ക് നേതൃത്വം നൽകിയത്. പ്രിൻസിപ്പൽ ഡോ. ശങ്കറും സന്നിഹിതനായിരുന്നു. ഡോക്ടർമാർക്കും അവർക്കൊപ്പം നിന്ന മറ്റ് ആശുപത്രി ജീവനക്കാർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നതായി മന്ത്രി പറഞ്ഞു.

ഹൃദയമാറ്റ ശസ്ത്രക്രിയാരംഗത്ത്  ദേശീയതലത്തിൽ അറിയപ്പെടുന്ന സ്ഥാപനമാണിന്ന് കോട്ടയം മെഡിക്കൽ കൊളേജ്. സർക്കാർ മേഖലയിൽ  ഇത്രയധികം ഹൃദയമാറ്റ ശസ്ത്രക്രിയ ചെയ്ത മറ്റൊരു സ്ഥാപനമില്ല. ഇന്ത്യയിൽ ഏറ്റവും അധികം പ്രൈമറി ആൻജിയോപ്ലാസ്റ്റി ചെയ്യുന്ന കാർഡിയോളജി വിഭാഗവും ഇവിടെയാണ് എന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. പി കെ ശ്രീമതി ടീച്ചർ ആരോഗ്യമന്ത്രി ആയിരുന്ന സമയത്ത് 28 ദിവസം കൊണ്ടാണ്  റോസിക്ക് സർജറിക്ക് അനുമതി നേടിക്കൊടുക്കാൻ  സാധിച്ചത്. അന്നു മുതലാണ് കേരളത്തിലെ മികച്ച ഹൃദയശസ്ത്രക്രിയ വിഭാഗമായി ആശുപത്രി വളർന്നു തുടങ്ങുന്നത്.

ഇന്ന്  കേരളത്തിലെ ആരോഗ്യമേഖലയുടെ നട്ടെല്ലായി  മാറിക്കഴിഞ്ഞിരിക്കുകയാണ് ഈ സ്ഥാപനം. കഴിഞ്ഞ അൻപതാണ്ടുകളായി  സേവനവഴികളിലൂടെയും അക്കാദമിക് നിലവാരത്തിലൂടെയും ഇന്ത്യയിലെ ഒന്നാം നിരയിലാണ്  കോട്ടയം  മെഡിക്കൽ കോളേജ് എന്ന് വി എൻ വാസവൻ പറഞ്ഞു. കോവിഡിന്റെ ആരംഭ കാലത്ത് കേരളം ഭയന്നുനിന്ന സമയത്ത് തൊണ്ണൂറ്റിമൂന്നും എൺപത്തിയെട്ടും വയസുള്ള വൃദ്ധദമ്പതികളെ പ്രത്യേക പരിചരണം നൽകി ചികിത്സിച്ച് ഭേദമാക്കിയത് കോട്ടയം മെഡിക്കൽ കോളേജ് ആണ്.

ലോകത്തിനു മുന്നിൽ കേരളത്തിന്റെ യശസുയർത്തിയ കാര്യമായിരുന്നു അത്. നല്ലൊരു ടീം വർക്കാണ് കോട്ടയം മെഡിക്കൽ മെഡിക്കൽ കോളേജിന്റെ വിജയത്തിന് പിന്നിൽ. ഈ മികച്ച ടീമിനൊപ്പം ആശുപത്രിയെ കേരളത്തിലെ മികച്ച ആതുരാലയമാക്കി നിർത്താൻ  വേണ്ടി പ്രവർത്തിക്കാൻ കഴിയുന്നത്  പൊതുപ്രവർത്തന ജീവിതത്തിലെ ഏറ്റവും വലിയ ഉത്തരവാദിത്വമായിട്ടണ് കാണുന്നത് എന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.