തദ്ദേശ ഉപതെരഞ്ഞെടുപ്പ്: ശക്തമായ പോരാട്ടത്തിനൊരുങ്ങി ആം ആദ്മി പാർട്ടിയും, കോട്ടയം ജില്ലയിലെ ഏക സ്ഥാനാർഥി മത്സരിക്കുന്നത് എരുമേലിയിൽ.


എരുമേലി: തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടത്തിനൊരുങ്ങുകയാണ് ആം ആദ്മി പാർട്ടിയും. കോട്ടയം ജില്ലയിലെ ഏക ആം ആദ്മി പാർട്ടി സ്ഥാനാർഥി മത്സരിക്കുന്നത് എരുമേലിയിലാണ്. എരുമേലി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് ഒഴക്കനാട് ആണ്  ആം ആദ്മി പാർട്ടിയുടെ സ്ഥാനാർത്ഥിയായി ശോഭന പറമ്പിൽതോട്ടത്തിൽ മത്സരിക്കുന്നത്. 

പാർട്ടിയുടെ ചിഹ്നമായ ചൂൽ അടയാളത്തിലാണ് ശോഭന മത്സരിക്കുന്നത്. സ്ഥാനാർത്ഥിയും ഒപ്പം പ്രവർത്തകരും വീടുകൾ കയറിയുള്ള പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. എൽ.ഡി.എഫ്-യു.ഡി.എഫ്-ബി.ജെ.പി സ്ഥാനാർത്ഥികളും വാർഡിൽ മത്സര രംഗത്തുണ്ട്. കോട്ടയം ജില്ലയിലെ 4 ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 

കോട്ടയം ജില്ലയിലെ കടപ്ലാമറ്റം, വെളിയന്നൂർ, എരുമേലി, പാറത്തോട് ഗ്രാമപഞ്ചായത്തുകളിൽ ആണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കടപ്ലാമറ്റം പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ്, വെളിയന്നൂർ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ്, എരുമേലി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ്, പാറത്തോട് ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡ് എന്നിങ്ങനെ നാലു വാർഡുകളിലേക്കാണ് ഫെബ്രുവരി 28ന് ഉപതെരഞ്ഞെടുപ്പു നടക്കുന്നത്. മാർച്ച് ഒന്നിനാണ് വോട്ടെണ്ണൽ.