കോട്ടയം: വീടിന്റെയും റിസോർട്ടിന്റെയും റെസ്‌റ്റോറന്റിന്റെയും അകത്തളങ്ങളെ മനോഹരമാക്കുന്ന ആംബിയന്റ് ലൈറ്റിങ്ങിനുള്ള കരകൗശല ഉൽപന്നങ്ങളിൽ സ്‌പെഷലൈസ് ചെയ്യുകയാണ് പാലക്കാട് സ്വദേശിയായ സി. ജംഷാദ്.
പഠിച്ചത് ഇലക്‌ട്രോണിക്‌സ് എൻജിനീയറിങ്ങാണെങ്കിലും മുളയിലും ഈറ്റയിലും തീർക്കുന്ന ഉൽപന്നങ്ങളോടുള്ള ചെറുപ്പം മുതലേ ഉള്ള അഭിനിവേശത്തെ മുഴുവൻ സമയ തൊഴിലാക്കി മാറ്റിയിരിക്കുകയാണ് ജംഷാദ്. മുളയിലും ഈറ്റയിലും തീർത്ത ആകർഷണീയയമായ ലൈറ്റുകളും കരകൗശല വസ്തുക്കളുമുള്ള ജംഷാദിന്റെ സ്റ്റാളാണ് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ആരംഭിച്ച അഖിലേന്ത്യ കരകൗശല മേളയിലെ ആകർഷണങ്ങളിലൊന്ന്.
മുളയിൽ തീർത്ത തൂക്കിയിടാവുന്ന കോണിക്കൽ ലാംപ്‌ഷേഡ്, വീട്, ഓഫീസ് അലങ്കാരത്തിനുള്ള മുളയിൽ തീർത്ത സ്‌പൈറൽ ലാംപ്‌ഷേഡ്, മുളയിൽ തീർത്ത ചതുരാകൃതിയിലുള്ള റാന്തൽ മോഡൽ ലൈറ്റ്, ഈറ്റയിൽ തീർത്ത പെൻ സ്റ്റാൻഡ്, കൗതുകമുണർത്തുന്ന മൊബൈൽ ഫോൺ സ്റ്റാൻഡ് എന്നിങ്ങനെ കലയും കൗതുകവും കൗശലവും ഒന്നിക്കുന്ന മുള, ഈറ്റ ഉൽപന്നങ്ങളുടെ കമനീയമായ പ്രദർശനമാണ് മേളയിലേക്ക് എത്തുന്നവരെ വരവേൽക്കുന്നത്.
മാധ്യമസ്ഥാപനത്തിൽ സിസ്റ്റം എൻജിനീയറായി ജോലി നോക്കിയിരുന്ന ജംഷാദ് ആ ജോലി ഉപേക്ഷിച്ചാണ് മുളയുൽപന്നങ്ങളുടെ ഉൽപാദന-വിപണന മേഖല തെരഞ്ഞെടുത്തത്. പാലക്കാട്-മലപ്പുറം ജില്ലകളുടെ അതിർത്തിയിലുള്ള എടത്താനാട്ടുകരയിലുള്ള സ്‌റ്റോറൂട്ട് എന്നാണ് ജംഷാദിന്റെ സ്ഥാപനത്തിന്റെ പേര്.
മുള കൊണ്ടുള്ള കരകൗശല ഉൽപന്നങ്ങൾ, ലാംപ്‌ഷേഡ്, ഹാങ്ങിങ് ലൈറ്റ്, തടികൊണ്ടുള്ള ഇന്റീരിയേഴ്‌സ്, ഇൻഡോർ ഗാർഡനിങ് പോട്ട്്‌സ്, ചെടികൾ, എയർപോട് പ്ലാന്റ്‌സ്, ഇന്റീരിയർ ലൈറ്റ്‌സ്, വോൾ ഷെൽഫുകൾ എന്നിവയാണ് ഉൽപന്നങ്ങൾ. ഓൺലൈൻ വഴിയും ഉൽപന്നങ്ങൾ ലഭ്യമാണ്.