ഏറ്റുമാനൂരിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം.


ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. തിരുവല്ല കുമ്പനാട് വെള്ളിക്കര അശോക നിവാസില്‍ ഭരത് (ബാലു- 24) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച രാവിലെ രണ്ടു മണിയോടെ എം സി റോഡിൽ ഏറ്റുമാനൂർ അടിച്ചിറയിൽ വെച്ചാണ് അപകടം ഉണ്ടായത്. 

കോട്ടയം ഭാഗത്തു നിന്നും ഏറ്റുമാനൂർ ഭാഗത്തേക്ക് വരികയായിരുന്ന ഭരത് സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം നഷ്ടമായതിനെ തുടർന്ന് മതിലിൽ ഇടിച്ചു മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ യുവാവിനെ ഏറ്റുമാനൂർ പോലീസ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

വാഹനമോടിക്കുന്നതിനിടെ യുവാവ് ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. തെള്ളകം ഡെക്കാത്തലണ്‍ ജീവനക്കാരനാണ് ഭരത്.