കാൻസർ ചികിത്സാ രംഗത്ത് വൻ മുന്നേറ്റം: മന്ത്രി വീണാ ജോർജ്.


തിരുവനന്തപുരം: സംസ്ഥാനത്ത് കാൻസർ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നിലവിലുള്ള റീജിണൽ കാൻസർ സെന്ററുകളെയും മെഡിക്കൽ കോളേജുകളിലെ കാൻസർ ചികിത്സ വിഭാഗങ്ങളെയും ശാക്തികരിക്കുന്നതിനോടൊപ്പം തന്നെ പ്രാഥമിക തലത്തിൽ കാൻസർ നിർണയിക്കുന്നതിനും നിയന്ത്രിക്കുന്നതിനും നൂതന പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കിവരുന്നു. 

അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ് എന്ന ക്യാമ്പയിനിലുടെ കണ്ടെത്തിയ കാൻസർ രോഗ ലക്ഷണങ്ങളുള്ളവരെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ പരിശോധിക്കുന്നത്തിനും രോഗ സംശയം ഉള്ളവരെ വിദഗ്ദ കേന്ദ്രങ്ങളിൽ റഫർ ചെയ്യുന്നതിനുമുള്ള കാൻസർ കെയർ സ്യുട്ട് ഇ ഹെൽത്തിന്റെ സഹായത്തോടുകൂടി ആരോഗ്യ വകുപ്പ് നടപ്പിലാക്കി. ജില്ലയിലെ കാൻസർ ചികിത്സ കേന്ദ്രങ്ങളേയും ആരോഗ്യവകുപ്പിലെ സ്ഥാപനങ്ങളേയും കോർത്തിണക്കുന്ന ഒരു കാൻസർ ഗ്രിഡിന്റെ മാതൃകയും എല്ലാ ജില്ലകളും തയ്യാറാക്കി. ഈ ബജറ്റിലും കാൻസർ ചികിത്സയ്ക്ക് 140 കോടിയോളം രൂപയാണ് വകയിരിത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

എല്ലാ വർഷവും ഫെബ്രുവരി നാലാം തീയതിയാണ് ആഗോള തലത്തിൽ കാൻസർ ദിനമായി ആചരിക്കുന്നത്. കാൻസർ രോഗത്തെ കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനും കാൻസറിന് എതിരെ ആരോഗ്യ രംഗം സജ്ജമാക്കുന്നതിനും സമൂഹത്തിന് കാൻസർ ഭിതിയിൽ നിന്നും മുക്തമാക്കുന്നതിനും ഉദ്ദേശിച്ചാണ് കാൻസർ ദിന സന്ദേശങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. 2022 മുതൽ 2024 വരെ ലോക കാൻസർ ദിന സന്ദേശം കാൻസർ ചികിത്സ രംഗത്തെ വിടവുകൾ നികത്തുക എന്നുള്ളതാണ്. 2023ൽ കാൻസറിന് എതിരെ പ്രവർത്തിക്കുവാനുള്ള സ്വരങ്ങൾ ഏകോപിപ്പിക്കുക എന്നതാണ്. 

കാൻസർ രോഗത്തിന് എതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളുടെയും സംഘടനകളുടെയും പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തോടു കൂടിയാണ് ഈ സന്ദേശം ലോകാരോഗ്യ സംഘടന പുറപ്പെടുവിച്ചിരിക്കുന്നത്.