ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ നിർത്തിയിട്ട കണ്ടെയിനർ ലോറിയിൽ നിന്നും പിടികൂടിയത് 300 കിലോ പഴകിയ മീൻ. ഏറ്റുമാനൂർ ചിറക്കുളത്ത് തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം. റോഡരുകിൽ പാർക്ക് ചെയ്തിരുന്ന തമിഴ്നാട് രജിസ്ട്രേഷൻ കണ്ടെയിനർ ലോറിയിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നഗരസഭ ആരോഗ്യ വിഭാഗത്തിൽ അറിയിക്കുകയായിരുന്നു.
തുടർന്ന് സ്ഥലത്ത് എത്തിയ ആരോഗ്യ വിഭാഗം വാഹനത്തിൽ നിന്നും പഴകിയ മീൻ പിടികൂടുകയായിരുന്നു. ഏറ്റുമാനൂരിൽ മത്സ്യ മൊത്തവിതരണ മാർക്കറ്റ് ഉള്ളതിനാൽ ഇവിടെ നിന്നും ചെറുകിട വ്യാപാരികളിലേക്ക് എത്തിക്കുന്നതിനായാകാം മീൻ എത്തിച്ചതെന്നാണ് കരുതുന്നത്. പ്രാദേശിക മാർക്കറ്റിൽ വിൽപ്പനയ്ക്കായി എത്തിച്ചതാകാം ഇതെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ നിഗമനം. വാഹനത്തിൽ നിന്നും മറ്റു ഏതെങ്കിലും സ്ഥലത്തേക്ക് വിൽപ്പനയ്ക്കായി കൊണ്ടുപോയിട്ടുണ്ടോ എന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവത്തിൽ കേസെടുക്കാൻ ആരോഗ്യ വകുപ്പ് പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. റോഡരുകിൽ പാർക്ക് ചെയ്തിരുന്ന ലോറിയിൽ നിന്നും മലിന ജലം പുറത്തേക്ക് ഒഴുകി പടർന്നു ദുർഗന്ധം വമിച്ചിരുന്നു. മീനുമായി വിശാഖപട്ടണത്ത് നിന്നും എത്തിയ കണ്ടെയിനർ ലോറി ശനിയാഴ്ച ഏറ്റുമാനൂരിൽ എത്തിയതായാണ് വിവരം. ഇന്നലെ വൈകിട്ടാണ് വാഹനത്തിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നഗരസഭയിലും ആരോഗ്യ വിഭാഗത്തിലും അറിയിച്ചത്.
നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ എൻ.കെ. അജിത് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. വിചിത്ര, പോലീസ് ഉദ്യോഗസ്ഥർ, ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.