കോട്ടയം: എല്ലാ ദിവസവും തീ പിടിത്ത വാർത്തകളാണ് കോട്ടയം കേൾക്കുന്നത്. ചെറുതും വലുതുമായ തീപിടിത്ത വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിലായി കോട്ടയം കേൾക്കുന്നത്. വേനൽ കടുത്തതോടെ തീപിടിത്ത സാധ്യതകളും കൂടിയിരിക്കുകയാണ്.
വേനൽ കടുത്തതോടെ തീപിടിത്ത സാധ്യത കൂടുതലായതിനാൽ വരും ദിവസങ്ങളിലും കരുതലോടെ ഇരിക്കണമെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ പറഞ്ഞു. എവിടെയെങ്കിലും തീപിടിത്തം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ വിവരം അഗ്നിരക്ഷാസേന ഓഫീസിൽ വിളിച്ചറിയിക്കണം. തോട്ടങ്ങളും കൃഷിസ്ഥലങ്ങളും ഉള്ളവർ ബൗണ്ടറികൾ തെളിച്ചു വൃത്തിയാക്കിയാൽ പെട്ടന്നുള്ള തീപിടിത്തം തടയാനാകും. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും മാലിന്യങ്ങൾ കത്തിക്കുമ്പോൾ കൂടുതൽ കരുതലും ശ്രദ്ധയും വേണം.
കഴിഞ്ഞ ദിവസമാണ് ചെറുവാണ്ടൂരിൽ പുരയിടത്തിൽ തീപിടിത്തം ഉണ്ടായത്. വാണിശ്ശേരി വി. ഷിബുമോന്റെ രണ്ടരയേക്കർ പറമ്പിലാണ് തീ പിടിത്തം ഉണ്ടായത്. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് തീ കെടുത്തിയത്. പത്തനാടും നെടുമാവിലും കഴിഞ്ഞ ദിവസം തീ പിടിത്തം ഉണ്ടായിരുന്നു. പത്തനാട് കരിമല ഗ്രാനൈറ്റിന്റെ പിൻഭാഗത്തെ മലയിലും തകടിയേൽ ജലീലിന്റെ സ്ഥലത്തുമാണ് തീ പടർന്നു പിടിച്ചത്. അഗ്നി രക്ഷാ സേനയുടെ പാമ്പാടി,ചങ്ങനാശ്ശേരി യൂണിറ്റുകളിൽ നിന്നായി 4 സംഘങ്ങൾ എത്തിയാണ് തീ അണച്ചത്.
നെടുമാവിൽ സിഎസ്ഡിഎസ് ഓഫിസിന് സമീപത്തെ പുരയിടത്തിൽ ആണ് തീ പിടിത്തം ഉണ്ടായത്. സ്ഥലത്തുണ്ടായിരുന്ന സിഎസ്ഡിഎസ് അംഗങ്ങളും നാട്ടുകാരും കാഞ്ഞിരപ്പള്ളി അഗ്നി രക്ഷാ സേനയും എത്തിയാണ് തീ അണച്ചത്.