സുരക്ഷിത ഭക്ഷണം ഉറപ്പാക്കൽ; മീനച്ചിൽ, വൈക്കം താലൂക്കുകളിൽ പരിശോധന ശക്തമാക്കും.

കോട്ടയം: സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതിനായി മീനച്ചിൽ, വൈക്കം താലൂക്കുകളിലെയും ഈരാറ്റുപേട്ട, വൈക്കം നഗരസഭകളിലെയും ആരോഗ്യപ്രവർത്തകരുടെയും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെയും യോഗം മീനച്ചിൽ താലൂക്ക് കോൺഫറൻസ് ഹാളിൽ ചേർന്നു. 

ആർ.ഡി.ഒ. പി.ജി. രാജേന്ദ്രബാബു അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർമാരും ഹെൽത്ത് സൂപ്പർവൈസർമാരും ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരും പങ്കെടുത്തു. ഭക്ഷണ സാധനങ്ങൾ ഉത്പാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതുമായ എല്ലാ സ്ഥാപനങ്ങളിലും സ്ഥലങ്ങളിലും പരിശോധന കർശനമായി നടത്തി ആഴ്ച തോറും റിപ്പോർട്ട് നൽകാൻ ഹെൽത്ത് ഇൻസ്‌പെക്ടർമാർക്ക് ആർ.ഡി.ഒ. നിർദ്ദേശം നൽകി. 

ഭക്ഷ്യ വ്യാപാരികൾ ലൈസൻസ്, തൊഴിലാളികളുടെ മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, കുടിവെള്ളം പരിശോധിച്ച റിപ്പോർട്ട്, നഗരസഭ/പഞ്ചാത്ത് ലൈസൻസ് എന്നിവ നേടിയിരിക്കണം. ഉത്പാദന കേന്ദ്രങ്ങളിൽ ശുചിത്വം ഉറപ്പാക്കണം. ഭക്ഷ്യവസ്തുക്കൾ മൂടി വയ്ക്കണം. ഭക്ഷ്യാവശിഷ്ടങ്ങൾ സംസ്‌ക്കരിക്കുന്നതിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തണം. 

സ്ഥാപനത്തിനുള്ളിൽ ക്ഷുദ്രജീവികൾ ഇല്ലെന്ന് ഉറപ്പാക്കണം. ഇറച്ചി/മീൻ എന്നിവ ഫ്രീസറിൽ സൂക്ഷിക്കുമ്പോൾ -18 ഡിഗ്രി ഊഷ്മാവ് ഉറപ്പുവരുത്തണം തുടങ്ങിയ നിർദ്ദേശങ്ങൾ നൽകി.