കരനെൽ കൃഷിയിലും മികവു പുലർത്തി ഇൻഫെൻ്റ് ജീസസ് ഹൈസ്കൂളിലെ ജൂനിയർ റെഡ്ക്രോസ് കേഡറ്റുകൾ.

വൈക്കം: ആതുരാലയങ്ങളിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും സാന്ത്വന ചികിത്സാ രംഗങ്ങളിലെ ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൂടെയും ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലൂടെയും മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവച്ച ഇൻഫെൻ്റ് ജീസസ് സ്കൂളിലെ റെഡ് ക്രോസ് അംഗങ്ങൾ കരനെൽ കൃഷിയിലൂടെ കാർഷിക രംഗത്തും ശ്രദ്ധേയമാകുകയാണ്. 

നിലമൊരുക്കുന്നതു മുതൽ നെൽകൃഷിയുടെ ഓരോ ഘട്ടങ്ങളും നേരിട്ട് കണ്ട് മനസിലാക്കി അതിൽ പങ്കാളികളാകാൻ ജൂനിയർ റെഡ്ക്രോസ് കേഡറ്റുകൾക്കു കഴിയുന്നുണ്ട്. നെൽകൃഷിയോടൊപ്പം കപ്പയും കൃഷി ചെയ്യുന്നുണ്ട്. തലയോലപ്പറമ്പ് കൃഷിഭവനിലെ അഗ്രിക്കൾച്ചറൽ ഓഫീസർ കുമാരി ജിഷ ബൈജു, അഗ്രിക്കൾച്ചറൽ അസിസ്റ്റന്റ് സബിത ഇ എന്നിവർ വിദ്യാലയം സന്ദർശിച്ച് വിലയേറിയ മാർഗ്ഗ നിർദ്ദേശങ്ങൾ കുട്ടികൾക്ക് നൽകി. ചൂടേറിയ ഈ അവസരത്തിൽ ഓരോ ദിവസത്തേയും ക്ലാസുകൾക്കു ശേഷം നെൽകൃഷിക്കും കപ്പ കൃഷിക്കുമൊക്കെ നനയ്ക്കാനും വളമിടാനുമൊക്കെ ജൂനിയർ റെഡ്ക്രോസ് കേഡറ്റുകൾ റെഡിയാണ്. 



വേറിട്ട പ്രവർത്തനങ്ങളിലൂടെ ഏവർക്കും മാതൃകയാകുകയാണ് ഇൻഫെൻ്റ് ജീസസ് ഹൈസ്കൂളിലെ ജൂനിയർ റെഡ്ക്രോസ് കേഡറ്റുകൾ. സംസ്ഥാന കോർഡിനേറ്ററായ ബിനു കെ പവിത്രനാണ് പ്രവർത്തനങ്ങൾക്ക് മാർഗനിർദ്ദേശങ്ങൾ നൽകുന്നത്.