കോട്ടയം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഫെബ്രുവരി 24 മുതൽ 28 വരെ സംഘടിപ്പിക്കുന്ന കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയിൽ മുൻനിര ചലച്ചിത്രമേളകളിൽ ഉന്നത പുരസ്‌കാരങ്ങൾ നേടിയ 17 സിനിമകൾ പ്രദർശിപ്പിക്കും.
കാൻ, വെനീസ്, ബർലിൻ, ബുസാൻ, കെയ്റോ, ലൊകാർണോ, സൺഡാൻസ്, സാൻ സെബാസ്റ്റ്യൻ തുടങ്ങിയ മേളകളിൽ അംഗീകാരം നേടിയ സിനിമകളും ഓസ്‌കാർ നോമിനേഷൻ ലഭിച്ച സിനിമകളും ഇതിൽ ഉൾപ്പെടുന്നു. കാൻ ചലച്ചിത്രമേളയിൽ പാർക് ചാൻ വൂക്കിന് മികച്ച സംവിധായകനുള്ള അവാർഡ് നേടിക്കൊടുത്ത 'ഡിസിഷൻ റ്റു ലീവ്', 75-ാം വാർഷിക പുരസ്‌കാരം നേടിയ 'ടോറി ആൻഡ് ലോകിത', പാം ദി ഓർ ലഭിച്ച 'ട്രയാംഗിൾ ഓഫ് സാഡ്‌നെസ് ', ഫിപ്രസ്‌കി പുരസ്‌കാരം ലഭിച്ച 'ലൈലാസ് ബ്രദേഴ്‌സ്, വെനീസ് മേളയിൽ മികച്ച നവാഗത ചിത്രത്തിനുള്ള പുരസ്‌കാരവും ഗ്രാന്റ് ജൂറി പ്രൈസും ലഭിച്ച 'സെയിന്റ് ഉമർ', പ്രത്യേക ജൂറി പുരസ്‌കാരം നേടിയ 'നോ ബെയേഴ്‌സ്, ബുസാൻ മേളയിൽ പ്രേക്ഷകപുരസ്‌കാരം നേടിയ 'ദ വിന്റർ വിതിൻ', ബെർലിൻ മേളയിൽ സിൽവർ ബെയർ അവാർഡ് നേടിയ 'ബോത് സൈഡ്സ് ഓഫ് ദ ബ്ളേഡ്', ലൊകാർണോ മേളയിൽ മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ലെപ്പേർഡ് അവാർഡ് നേടിയ 'റൂൾ 34' തുടങ്ങിയ ചിത്രങ്ങൾ പ്രദർശിപ്പിക്കും.
കോട്ടയം, അനശ്വര, ആഷ തിയേറ്ററുകളിലും സി.എം.എസ് കോളേജ് തിയേറ്ററിലുമായി അഞ്ചു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ലോകസിനിമ, ഇന്ത്യൻ സിനിമ, മലയാള സിനിമ തുടങ്ങിയ വിഭാഗങ്ങളിൽ ആകെ 39 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. കോട്ടയം ഫിലിം സൊസൈറ്റിയുടേയും ഇൻഫർമേഷൻ ആൻഡ് പബ്ളിക് റിലേഷൻസ് വകുപ്പിന്റെയും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെയും ചലച്ചിത്ര സംഘടനകളുടെയും സഹകരണത്തോടെയാണ് രാജ്യാന്തര ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്.
ഓൺലൈനായി https://registration.iffk.in/ എന്ന ലിങ്ക് വഴി ഡെലിഗേറ്റ് രജിസ്ട്രേഷൻ നടത്താം. പൊതുവിഭാഗത്തിന് 300 രൂപയും വിദ്യാർഥികൾക്ക് 150 രൂപയുമാണ് ഡെലിഗേറ്റ് ഫീ. കോട്ടയം അനശ്വര തീയറ്ററിൽ സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറിലൂടെ നേരിട്ടും രജിസ്റ്റർ ചെയ്യാം. രാവിലെ 10 മുതൽ രാത്രി ഏഴുവരെയാണ് കൗണ്ടർ പ്രവർത്തിക്കുക. പാസ്പോർട്ട് സൈസ് ഫോട്ടോയും ഫീസും സഹിതം എത്തി രജിസ്റ്റർ ചെയ്യാം.