മാർച്ചോടുകൂടി നാലു പഞ്ചായത്തുകളിൽ സമ്പൂർണ കുടിവെള്ള കണക്ഷൻ: ജല ജീവൻ മിഷൻ യോഗം.


കോട്ടയം: ഈ വർഷം മാർച്ചോടുകൂടി ജില്ലയിലെ നാലു പഞ്ചായത്തുകളെ സമ്പൂർണ കുടിവെള്ള കണക്ഷൻ നൽകിയവയായി പ്രഖ്യാപിക്കാനാകുമെന്നു ജല ജീവൻ മിഷൻ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട ജില്ലാ വാട്ടർ ആൻഡ് സാനിറ്റേഷൻ മിഷന്റെ(ഡി.ഡബ്‌ള്യൂ.എസ്.എം) പതിനാലാമതു യോഗം വിലയിരുത്തി. 

കുമരകം, ആർപ്പൂക്കര, തിരുവാർപ്പ്, തലയാഴം പഞ്ചായത്തുകളിലെ ശേഷിക്കുന്ന ഗൃഹങ്ങളിലും മാർച്ച്മാസത്തോടു കൂടി കുടിവെള്ള കണക്ഷൻ നൽകാനാകുമെന്നു ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. പദ്ധതി നടത്തിപ്പിനാവശ്യമായ സ്ഥലമേറ്റെടുക്കലിൽ നേരിടുന്ന കാലതാമസം വെല്ലുവിളിയാണെന്നും അടിയന്തരമായി പരിഹരിച്ചു ജില്ലയിലെ പദ്ധതി നടത്തിപ്പു വേഗത്തിലാക്കണമെന്നും യോഗം ചൂണ്ടിക്കാട്ടി. 

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ റോഡുകളുടെ അറ്റകുറ്റപണികൾ നടക്കുമ്പോൾ വാട്ടർ അതോറിട്ടി, തദ്ദേശ സ്ഥാപനങ്ങളിലെ എൻജിനീയറിങ് തലത്തിൽ സംയുക്തമായ പരിശോധനയും നടപടികളും പദ്ധതിയുടെ സുഗമമായ നടത്തിപ്പിനു വേണമെന്നു യോഗം ചൂണ്ടിക്കാട്ടി. ജല ജീവൻ മിഷൻ നടത്തിപ്പുമായി ബന്ധപ്പെട്ട സപ്പോർട്ടിങ് ഏജൻസികളുടെ ഫണ്ട് വിതരണം, ജില്ലാ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് രൂപീകരണം തുടങ്ങിയവയും യോഗം ചർച്ച ചെയ്തു. സബ് കളക്ടർ സഫ്‌ന നസ്‌റുദീൻ, വാട്ടർ അതോറിട്ടി പ്രോജക്ട് ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജീനീയർ എ. മുഹമ്മദ് റഷീദ്, വാട്ടർ അതോറിട്ടി എക്‌സിക്യൂട്ടീവ് എൻജീനീയർ കെ. സുരേഷ്, ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയർ ജോയി ജനാർദനനൻ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ. സിദ്ധീഖ്, പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ ഗീത വർഗീസ്, അഡ്വ. കെ. അനിൽകുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.