കോട്ടയം: അപ്പർ കുട്ടനാടൻ മേഖലയിൽ പ്രത്യേകിച്ചും തിരുവാർപ്പ്, കുമരകം വില്ലേജുകളിൽ വ്യാപകമായി വയലുകൾ നികത്തുന്നതിനെതിരെ പ്രത്യക്ഷ സമരം ആരംഭിക്കുവാൻ കേരളാ കോൺഗ്രസ് എം സമരപ്രഖ്യാപന കൺവൻഷൻ തീരുമാനിച്ചു.
കോട്ടയം-ചേർത്തല പ്രധാന റോഡിന്റെ ഇരുവശത്തുമുള്ള പാടശേഖരങ്ങളിൽ നിരവധി സ്ഥലത്ത് വയലുകൾ ഇപ്പോഴും നികത്തിക്കൊണ്ടിരിക്കുകയാണ്. റോഡ് സൈഡിൽ കച്ചവടത്തിനെന്ന വ്യാജേന ചെറിയ ഷെഡുകൾകെട്ടി പിൻഭാഗങ്ങളിലുള്ള വയൽഭാഗം കാണാനാവാത്തവിധം ഷീറ്റുകളും പഴയ സാധനങ്ങളും അടുക്കി മറ കെട്ടിക്കൊണ്ടാണ് പലയിടത്തും പാടം നികത്തുന്നത്. രാത്രി മുഴുവൻ ടിപ്പറുകളിൽ വയലുകളിൽ മണ്ണ് ഇറക്കികൊണ്ടിരിക്കുകയാണ്. വില്ലേജ് ഓഫീസർമാർ സ്റ്റോപ്പ് മെമ്മോ കൊടുത്ത ഇടങ്ങളിൽവരെ നിർബാധം മണ്ണിട്ടുകൊണ്ടിരിക്കുകയാണ്. ഇത് കർശനമായി തടയാൻ ജില്ലാ കളക്ടർ അടിയന്തിരമായി ഇടപെടണമെന്നും കൺവൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വി.എം. റെക്സോണിന്റെ അദ്ധ്യക്ഷതയിൽ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റംഗം മാലേത്ത് പ്രതാപചന്ദ്രൻ സമര പ്രക്ഗ്യപന കൺവൻഷൻ ഉത്ഘാടനം ചെയ്തു. ജോജി കുറത്തിയാട്ട്, ബിറ്റു വൃന്ദാവൻ, കിങ്ങ്സ്റ്റൺ രാജ, എം എം തമ്പി, ഉണ്ണികൃഷ്ണൻ കന്നിട്ടപ്പറമ്പിൽ, മുരളി എറമ്പം, റിനോഷ് പൊന്നപ്പൻ,ലിജോമോൻ കെ.ആർ, ജിബിൻ തൈപ്പറമ്പിൽ,രഞ്ജിത് കൃഷ്ണൻ, ജസ്റ്റിൻ പണിക്കശ്ശേരി, ബാബു മരങ്ങാട്ട്, രാജി ആർ.നായർ എന്നിവർ പ്രസംഗിച്ചു. വി എം റെക്സോൺ ജനറൽ കൺവീനറും എം.എം തമ്പി സെകട്ടറിയുമായ 51 അംഗ സമരസമിതി രൂപീകരിച്ചു. സമാന നിലപാടുകളുള്ള പ്രസ്ഥാനങ്ങളമായി ചർച്ച നടത്തി ജനകിയ സമരം വ്യാപിപ്പിക്കാനും ഫെബ്രുവരി 25 ന് കുമരകത്ത് ജനകീയ സദസ് സംഘടിപ്പിക്കുവാനും കൺവൻഷൻ തീരുമാനിച്ചു.