കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി: മന്ത്രി എ കെ ശശീന്ദ്രൻ.

തിരുവനന്തപുരം: സംസ്ഥാനത്ത് കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾ വനം വകുപ്പ് ഊർജിതമാക്കിയതായി വനം -വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. കാട്ടുതീ ഉണ്ടാകാനുള്ള സാധ്യതയുടെ അടിസ്ഥാനത്തിൽ സ്റ്റേഷൻ, റേയ്ഞ്ച്, ഡിവിഷൻ, സർക്കിൾ തലങ്ങളിൽ ഫയർ മാനേജ്മെന്റ് പ്ലാനുകൾ തയ്യാറാക്കി പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരികയാണ്. 

 

 സർക്കിൾ തല ഫയർ മാനേജ്മെന്റ് പ്ലാനുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന തലത്തിൽ കാട്ടുതീ പ്രതിരോധിക്കാനായി സ്റ്റേറ്റ് ഫയർ മാനേജ്മെന്റ് പ്ലാനും തയ്യാറാക്കിയിട്ടുണ്ട്. കാട്ടുതീ ഉണ്ടായാൽ വിവിധ തലങ്ങളിൽ അനുവർത്തിക്കേണ്ട മാർഗനിർദ്ദേശങ്ങൾ ഉൾപ്പെടുത്തി ഒരു സ്റ്റേറ്റ് ആക്ഷൻ പ്ലാനും തയ്യാറാക്കിയിട്ടുണ്ട്. കാട്ടുതീ സാധ്യത കൂടിയ പ്രദേശങ്ങൾ കണ്ടെത്തി ഇതിനോടകം കൺട്രോൾ ബർണിംഗ് പൂർത്തീകരിച്ചിട്ടുണ്ട്. ഫയർ ഗ്യാങ്ങുകൾ, ഫയർ വാച്ചർമാർ, വി.എസ്.എസ്, ഇ.ഡി.സി അംഗങ്ങൾ, ഫയർ വാച്ചർമാർ എന്നിവയിൽ 3000-ത്തിൽ പരം പേരെ കാട്ടുതീ നിരീക്ഷണ, പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചിട്ടുണ്ട്. 

പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏകദേശം 1120 കി.മീ ദൂരത്തിൽ ഫയർ ലൈനുകളും 2080 കി.മീ നീളത്തിൽ ഫയർ ബ്രേക്കുകളും തെളിക്കുകയും 6100 ഹെക്ടർ വന പ്രദേശത്ത് കൺട്രോൾ ബർണിങ് നടത്തുകയും ചെയ്തു. കാട്ടുതീ സംബന്ധിച്ച മുന്നറിയിപ്പ് ലഭിക്കുന്നതിന് ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ വെബ്സൈറ്റിൽ വനം വകുപ്പ് ജീവനക്കാരെയും താൽക്കാലിക വാച്ചർമാരെയും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുവരെ 5647 പേരെയാണ് ഇത്തരത്തിൽ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

കാട്ടുതീ സംബന്ധിച്ച വിവരങ്ങൾ, മുന്നറിയിപ്പുകൾ എന്നിവ യഥാസമയം അറിയിക്കുന്നതിനായി സർക്കിൾ, ഡിവിഷൻ, റെയ്ഞ്ച്, സ്റ്റേഷൻ തലത്തിൽ ഫയർ കൺട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾ, കാട്ടുതീ ഉണ്ടായാലുള്ള ഫീൽഡ് ഇൻസിഡന്റ് റെസ്പോൻസ് സിസ്റ്റം എന്നിവ നിരീക്ഷിക്കുന്നതിനുമായി വനം വകുപ്പ് ആസ്ഥാനത്ത് മുഴുവൻ സമയ കൺട്രോൾ റൂമും പ്രവർത്തനം ആരംഭിച്ചു. കൂടാതെ സർക്കിൾതല പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സർക്കിൾ ചീഫ് കൺസർവേറ്റർമാരുടെ കീഴിൽ വരുന്ന അസിസ്റ്റന്റ് കൺസർവേറ്റർമാരെ സർക്കിൽതല നോഡൽ ഓഫീസർമാരായി നിയമിച്ചിട്ടുണ്ട്. 

ഫോറസ്റ്റ് വിജിലൻസ് വിംഗിന്റെ മേൽനോട്ടത്തിൽ വനം വകുപ്പ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ പൊതുജനങ്ങൾക്ക് കാട്ടുതീ കണ്ടാൽ അറിയിക്കാനായി ഒരു ടോൾ ഫ്രീ നമ്പർ(1800 425 4733) ക്രമീകരിച്ചിട്ടുണ്ട്. വനം വകുപ്പ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ കോളുകൾ സ്വീകരിക്കുന്നതിനും മുന്നറിയിപ്പ് നൽകുന്നതിനും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു ലാൻഡ് ലൈൻ നമ്പറും (0471-2529247) ക്രമീകരിച്ചു. ഫീൽഡ് തല കൺട്രോൾ റൂമുകളിലും ഇത്തരം ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വനം വകുപ്പ് ആസ്ഥാനത്തെ ഫയർ മോണിറ്ററിംഗ് സെല്ലിൽ സർക്കിൾ ലെവൽ ഫയർ കൺട്രോൾ റൂമുകളുമായി നിരന്തരം ബന്ധപ്പെട്ട് ഓരോ തീപിടിത്തവും സൂക്ഷ്മമായി നിരീക്ഷിക്കുവാനും നോഡൽ ഓഫീസർമാർക്ക് കാലതാമസം കൂടാതെ ഫയർ അലർട്ടുകൾ അയയ്ക്കാനും ഫീൽഡ് ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റത്തിന്റെ പ്രവർത്തനം നിരീക്ഷിക്കുവാനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. 

എല്ലാ വനം ഡിവിഷനിലും കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു വരുന്ന വനപാലകർക്ക് ആവശ്യമായ പരിശീലനം പൂർത്തീകരിച്ചിട്ടുണ്ട്. പൊതുജനങ്ങളിൽ കാട്ടൂതി സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. ആവശ്യമായ ഇടങ്ങളിൽ കാട്ടുതീ സംബന്ധിച്ച സൂചനാ ബോർഡുകളും സ്ഥാപിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, റവന്യൂ, പോലീസ്, കൃഷി, ഗതാഗത വകുപ്പുകൾ എന്നിവയുമായി സഹകരിച്ച് മാധ്യമങ്ങൾ, പൊതുജനങ്ങൾ, വിദ്യാർത്ഥികൾ, പരിസ്ഥിതി പ്രവർത്തകർ എന്നിവരെയും കാട്ടുതീ അലേർട്ടുകൾ നൽകുന്നതിനും വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനും സജീവ പങ്കാളികളാക്കുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 

അഗ്‌നി പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ യഥാസമയം നൽകുകയും മിക്ക സ്ഥങ്ങളിലും കാട്ടുതീ സംബന്ധിച്ച വിവരങ്ങളും മുന്നറിയിപ്പുകളും കൈമാറുന്നതിനും വയർലെസ് സംവിധാനവും പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്. വനത്തിനുള്ളിൽ ജലലഭ്യത ഉറപ്പാക്കുന്നതിനായി നീരുറവകൾ വറ്റിപ്പോകാതെ വെള്ളം സംഭരിച്ചു നിർത്തുവാനും കുളങ്ങളുടെയും വയലുകളുടെയും സംരക്ഷണം, ചെക്ക് ഡാമുകളുടെ നിർമ്മാണം, നീർചാലുകളുടെ നിർമ്മാണം, ബ്രഷ് വുഡ് ചെക്ക് ഡാമുകളുടെ നിർമ്മാണം മുതലായ മണ്ണ് , ഈർപ്പ സംരക്ഷണ പ്രവർത്തനങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. 

കൂപ്പു റോഡുകളുടെ അറ്റകുറ്റ പണികൾ പൂർത്തീകരിച്ച് ഉപയോഗയോഗ്യമാക്കിയിട്ടുണ്ട്. കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും, കാട്ടുതീ ഉണ്ടായാൽ സ്വീകരിക്കേണ്ടുന്ന മാർഗങ്ങളെക്കുറിച്ചും, സുരക്ഷാ മാനദണ്ഡങ്ങളെപ്പറ്റിയുമുള്ള മാർഗനിർദ്ദേശങ്ങൾ ഉൾപ്പെടുത്തി പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് & ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സ് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്.