വൈക്കം: കെ.എഫ്.ഡി.സി വൈക്കത്ത് നിർമ്മിക്കുന്ന തീയേറ്റർ സമുച്ചയത്തിന്റെ നിർമ്മാണ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു.
ടെൻഡർ നടപടിക്രമങ്ങൾ വളരെ നേരത്തെ പൂർത്തിയായിരുന്നെങ്കിലും തിയേറ്റർ നിർമ്മാണത്തിനായി നഗരസഭ പാട്ടവ്യവസ്ഥയിൽ വിട്ടുനൽകിയ ഭൂമിയുടെ തരംമാറ്റം സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിൽ ഉണ്ടായ ചില അനിശ്ചിതത്വങ്ങൾ കാരണമാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ അല്പം വൈകിയത് എന്ന് എം എൽ എ സി.കെ ആശ പറഞ്ഞു. കഴിഞ്ഞ എൽഡിഎഫ് സർക്കാർ കേരളത്തിൽ പ്രഖ്യാപിച്ച 20 തിയേറ്ററുകളിൽ ഒന്നാണ് വൈക്കത്ത് ആരംഭിക്കുന്നത്.
തിയേറ്റർ നിർമ്മാണവും തുടർ പ്രവർത്തനവും കെ.എഫ്.ഡി.സി യാണ് നിർവഹിക്കുക. ഏറ്റവും ആധുനിക സംവിധാനങ്ങൾ ഉൾപ്പെടുത്തിയാണ് തീയറ്റർ സമുച്ചയം രൂപകല്പന ചെയ്തിരിക്കുന്നത് എന്ന് എം എൽ എ പറഞ്ഞു. ഒരു വർഷത്തിനകം പ്രവർത്തനം ആരംഭിക്കാവുന്ന തരത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോവുക എന്ന് കെ.എഫ്.ഡി.സി ചെയർമാനുമായുള്ള ചർച്ചയിൽ ധാരണയായിട്ടുണ്ട് എന്നും സി.കെ ആശ പറഞ്ഞു. തിയേറ്റർ സമുച്ചയത്തിൽ 2 തിയേറ്ററുകളാവും ഉണ്ടാവുക.
ക്ഷേത്ര നഗരിക്ക് അനുയോജ്യമായ രീതിയിൽ പൗരസ്ത്യ പാശ്ചാത്യ നിർമ്മാണ ശൈലികൾ സംയോജിപ്പിച്ചാണ് തീയേറ്റർ കെട്ടിടസമുച്ചയം രൂപകല്പന ചെയ്തിട്ടുള്ളത്.