എരുത്വാപ്പുഴ, ചാത്തൻകുന്ന് പട്ടികവർഗ കോളനികൾക്കായി രണ്ടുകോടിയുടെ പദ്ധതികൾക്ക് അംഗീകാരം.


കോട്ടയം: അംബേദ്കർ സെറ്റിൽമെന്റ് വികസന പദ്ധതിയിൽ എരുത്വാപുഴ, ചാത്തൻകുന്ന് പട്ടികവർഗ കോളനികളിലെ ഗുണഭോക്താക്കൾക്കായി വിവിധ പദ്ധതികൾക്കുള്ള വിശദമായ പദ്ധതിരേഖയ്ക്ക് ജില്ലാ തല വികസന സമിതി അംഗീകാരം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാതല പട്ടിക ജാതി പട്ടിക വർഗ വികസന സമിതി അധ്യക്ഷയുമായ കെ.വി. ബിന്ദുവിന്റെ അധ്യക്ഷതയിൽ കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ രണ്ടു കോടി രൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്. 

കാഞ്ഞിരപ്പള്ളി ഐ.ടി.ഡി. പ്രോജക്ട് ഓഫീസിന്റെ പരിധിയിൽ വരുന്ന എരുമേലി ഗ്രാമപഞ്ചായത്തിലെ എരുത്വാപ്പുഴ, കടനാട് ഗ്രാമപഞ്ചായത്തിലെ ചാത്തൻകുന്ന് മലവേടർ കോളനിവാസികൾക്കുള്ള പദ്ധതികൾക്ക് ഒരു കോടി രൂപ വീതമാണ് സംസ്ഥാന നിർമിതി കേന്ദ്രം എസ്റ്റിമേറ്റ് തയാറാക്കി നൽകിയത്. എരുത്വാപ്പുഴയിൽ പൊതുകിണർ ആഴം കൂട്ടി റിങ് ഇറക്കുന്നതിന് 1.94 ലക്ഷം രൂപയും കോളനിയിലെ 23 വീടുകളോടു ചേർന്നുള്ള കിണറുകൾക്കു ചുറ്റുമതിൽ കെട്ടി സംരക്ഷിക്കുന്നതിന് 15.24 ലക്ഷം രൂപയും നടപ്പാത കോൺക്രീറ്റ് ചെയ്യുന്നതിന് 6.97 ലക്ഷം രൂപയും സംരക്ഷണഭിത്തി കെടുന്നതിന് 50.73 ലക്ഷം രൂപയും ഭവനനിർമാണത്തിന് 4.12 ലക്ഷം രൂപയും അടക്കമാണ് ഒരുകോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയിരിക്കുന്നത്. 

ചാത്തൻകുന്ന് പട്ടികവർഗ കോളനിയിൽ പത്തുവീടുകൾക്കു സംരക്ഷണഭിത്തിയും ചുറ്റുമതിലും പണിയുന്നതിന് 13.64 ലക്ഷം രൂപ, എട്ടുവീടുകളുടെ പുനരുദ്ധാരണപദ്ധതികൾക്ക് 13.21 ലക്ഷം രൂപ, റോഡ് കോൺക്രീറ്റിങ്ങിന് 12.31 ലക്ഷം രൂപ, കോൺക്രീറ്റ് ഓട നിർമാണത്തിന് 9.42 രൂപ, പാർക്കിങ് ഷെഡ് നിർമാണത്തിന് 8.82 ലക്ഷം രൂപ, ഏഴുവീടുകൾക്ക് ടോയ്‌ലറ്റ് പണിയുന്നതിന് 7.21 ലക്ഷം രൂപയും ഭവനനിർമാണത്തിന് 7.67 ലക്ഷം രൂപയും അടക്കമാണ് ഒരു കോടി രൂപയുടെ എസ്റ്റിമേറ്റ്. ജില്ലാ കളക്ടറും സമിതി മെമ്പർ സെക്രട്ടറിയുമായ ഡോ. പി.കെ. ജയശ്രീ, കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ, എരുമേലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനുശ്രീ സാബു എരുമേലി ഗ്രാമപഞ്ചായത്തംഗമായ മറിയാമ്മ ജോസഫ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഗീത വർഗീസ്, ജില്ലാ പ്ലാനിങ് ഓഫീസർ ലിറ്റി മാത്യൂ, ചാത്തൻകുന്ന്, എരുത്വാപ്പുഴ മലവേടർ കോളനികളിലെ ഊരുമൂപ്പന്മാരായ കെ.എൻ. മധു, കേളൻ ഗോപി എന്നിവർ യോഗത്തിൽ പങ്കെടുത്തു.