കോട്ടയം: വനിത-ശിശുക്ഷേമ വകുപ്പിന്റെ വനിത പ്രൊട്ടക്ഷൻ ഓഫീസിന്റെ നേതൃത്വത്തിൽ ശൈശവവിവാഹ നിരോധന നിയമം, ചട്ടം എന്നിവയെപ്പറ്റി ബോധവത്ക്കരണ സെമിനാർ നടത്തി. കളക്‌ട്രേറ്റിലെ തൂലിക കോൺഫറൻസ് ഹാളിൽ നടന്ന സെമിനാർ ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ എസ്. സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു.
വനിത പ്രൊട്ടക്ഷൻ ഓഫീസർ എം.വി. സുനിത അധ്യക്ഷയായി. എൻ.എസ്.എസ്. താലൂക്ക് യൂണിയർ ട്രഷറർ കെ.പി. കമലപ്പൻ നായർ, ലൂർദ്ദ് പള്ളി അസിസ്റ്റന്റ് വികാരി ഫാ. ബെന്നി വെട്ടിത്താനം, കോട്ടയം ടൗൺ ജുമാ മസ്ജിദ് മുഖ്യഇമാം സാദിഖ് ഖാസിമി, ജില്ലാ പട്ടികജാതി ഓഫീസർ എം.എസ്. സുനിൽ, ഉഴവൂർ സി.ഡി.പി.ഒ. ഡോ. റ്റിൻസി രാമകൃഷ്ണൻ, കൗൺസിലർ ഗ്രീഷ്മ ആർ. പ്രസാദ്, അഡ്വ. ബിനെല മേരി ജേക്കബ് എന്നിവർ പ്രസംഗിച്ചു.
ശൈശവവിവാഹ നിരോധനനിയമം, 2006, ചട്ടം 2006 എന്നിവയെ കുറിച്ച് അഡ്വ. ഷൈനി ഗോപി ക്ലാസെടുത്തു. ശൈശവ വിവാഹം തടയുന്നതിനുള്ള 'പൊൻ വാക്ക്' എന്ന പദ്ധതിയെക്കുറിച്ച് വിമൺ പ്രൊട്ടക്ഷൻ ഓഫീസർ വിവരിച്ചു. പദ്ധതിയെക്കുറിച്ചുള്ള ബ്രോഷർ വിതരണം ചെയ്തു. ശൈശവ വിവാഹ നിരോധന ഓഫീസറായ ഡോ. റ്റിൻസി രാമകൃഷ്ണൻ അനുഭവങ്ങൾ പങ്കുവച്ചു.
പാരാ ലീഗൽ വോളണ്ടിയർമാർ, എസ്.സി. പ്രൊമോട്ടർമാർ, അങ്കണവാടി പ്രവർത്തകർ, ശൈശവിവാഹ നിരോധന ഓഫീസർമാരായ സി.ഡി.പി.ഒ.മാർ എന്നിവർ പങ്കെടുത്തു. ജില്ലാ നിയമസേവന അതോറിറ്റിയുമായി സഹകരിച്ചാണ് സെമിനാർ സംഘടിപ്പിച്ചത്.