കോട്ടയം: ഭരണസ്തംഭനം ചൂണ്ടിക്കാട്ടി കോട്ടയം നഗരസഭാ ചെയർപേഴ്‌സണെതിരെ വീണ്ടും അവിശ്വാസപ്രമേയവുമായി ഇടതുപക്ഷം. യു ഡി എഫ് ചെയർപേഴ്‌സണായ ബിൻസി സെബാസ്റ്റ്യനെതിരെയാണ് ഇടതുപക്ഷം അവിശ്വാസപ്രമേയത്തിനൊരുങ്ങുന്നത്.
22 ഇടത് കൗൺസിലർമാർ ഒപ്പിട്ട അവിശ്വാസപ്രമേയം നൽകിയിട്ടുണ്ട്. അവിശ്വാസപ്രമേയത്തിൽ ബി ജെ പിയുടെ നിലപാട് നിർണ്ണായകമാണ്. കഴിഞ്ഞ തവണ അവിശ്വാസപ്രമേയം അവതരിപ്പിച്ചെങ്കിലും നടന്ന തെരഞ്ഞെടുപ്പിൽ യു ഡി എഫ് തന്നെ വീണ്ടും വിജയിക്കുകയായിരുന്നു. കഴിഞ്ഞ തവണ ബി ജെ പി പിന്തുണയോടെയാണ് ഇടതുപക്ഷം അവിശ്വാസ പ്രമേയം പാസാക്കിയത്. 52 അംഗ കോട്ടയം നഗരസഭയിലെ ഒരു അംഗം മരണപ്പെട്ടതിനെ തുടർന്ന് യു ഡി എഫിന് 21 അംഗങ്ങളും ഇടതുപക്ഷത്തിന് 22 അംഗങ്ങളുമാണ് നഗരസഭയിലുള്ളത്. ബിജെപിക്ക് 8 അംഗങ്ങളാണുള്ളത്.
20 വർഷമായി കോട്ടയം നഗരസഭാ ഭരിക്കുന്ന യു ഡി എഫിന്റെ കയ്യിൽ നിന്നും നഗരസഭാ ഭരണം പിടിക്കാൻ ഒരുങ്ങുകയാണ് ഇടതുപക്ഷം. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനമനുസരിച്ചാകും അവിശ്വാസപ്രമേയത്തിൽ ബി ജെ പി നിലപാട്.