എം.ജി. സര്‍വകലാശാലാ പൊതു പ്രവേശന പരീക്ഷ; മാര്‍ച്ച് ഒന്നുവരെ അപേക്ഷിക്കാം.


കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ വിവിധ പഠന വകുപ്പുകളിലെയും ഇന്‍റര്‍ സ്‌കൂള്‍ സെന്‍ററുകളിലെയും അക്കാദമിക് പ്രോഗ്രാമുകളുടെ 2023ലെ  പൊതു പ്രവേശന പരീക്ഷകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. 

ബിബിഎ എല്‍എല്‍ബി(ഓണേഴ്‌സ്), ഇന്‍റഗ്രേറ്റഡ് മാസ്‌റ്റേഴ്‌സ് പ്രോഗ്രാം ഇന്‍ സോഷ്യല്‍ സയസസ്, പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് മാസ്റ്റേഴ്‌സ് ഓഫ് സയന്‍സ്(കെമിസ്ട്രി, ഫിസിക്‌സ്, ലൈഫ് സയന്‍സസ്, കമ്പ്യൂട്ടര്‍ സയന്‍സ്, എന്‍വയോണ്‍മെന്‍റല്‍ സയന്‍സ്) എന്നിവയാണ് ഇന്‍റഗ്രേറ്റഡ് പ്രോഗ്രാമുകള്‍. എം.എ, എം.എസ്.സി, എം.ടി.ടി.എം, എല്‍.എല്‍.എം, എം.എഡ്, എം.പി.ഇ.എസ്, എം.ബി.എ എന്നിവയുടെ പ്രവേശന പരീക്ഷയ്ക്കും അപേക്ഷ നല്‍കാം. 

എം.ബി.എ പ്രോഗ്രാമിന് www.admission.mgu.ac.in എന്ന വെബ്‌സൈറ്റിലൂടെയും മറ്റുള്ള കോഴ്‌സുകള്‍ക്ക്  www. cat.mgu.ac.in എന്ന വെബ്‌സൈറ്റിലൂടെയുമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിശദ വിവരങ്ങള്‍ ഈ വെബ്‌സൈറ്റുകളില്‍ ലഭിക്കും. ഇന്‍റഗ്രേറ്റഡ് പ്രോഗ്രാമുകള്‍ക്ക് അവസാന വര്‍ഷ പ്ലസ് ടൂ വിദ്യാര്‍ഥികള്‍ക്കും ബിരുദാനന്തര കോഴ്‌സുകള്‍ക്ക് അവസാന സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഇവര്‍ സര്‍വകലാശാല നിശ്ചയിക്കുന്ന തീയതിക്കുള്ളില്‍ നിര്‍ദ്ദിഷ്ഠ യോഗ്യത നേടിയിരിക്കണം. ഓരോ പ്രോഗ്രാമിനും പൊതു വിഭാഗത്തില്‍പെട്ടവര്‍ക്ക് 1200 രൂപയും പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് 600 രൂപയുമാണ് അപേക്ഷാ ഫീസ്. 

പ്രവേശന പരീക്ഷ മെയ് ആറ്,ഏഴ് തീയതികളില്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ 0481 2733595 എന്ന ഫോണ്‍ നമ്പരിലും cat@mgu.ac.in എന്ന ഇമെയില്‍ വിലാസത്തിലും ലഭിക്കും. എം.ബി.എ പ്രോഗ്രാം സംബന്ധിച്ച വിവരങ്ങള്‍ക്ക് 0481 2732288 എന്ന ഫോണ്‍ നമ്പരിലും smbs@mgu.ac.in എന്ന ഇമെയില്‍ വിലാസത്തിലും ബന്ധപ്പെടണം.