മിഷൻ അന്ത്യോദയ സർവേയുമായി എല്ലാവരും സഹകരിക്കണം: ജില്ലാ കളക്ടർ.


കോട്ടയം: സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന മിഷൻ അന്ത്യോദയ 2022 സർവേയോട് പൊതുജനങ്ങളും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും വിവിധ വകുപ്പുകളും സഹകരിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. 

അടിസ്ഥാന സൗകര്യം, മാനവവികസനം, സാമ്പത്തിക പ്രശ്നങ്ങൾ എന്നിവയുടെ അവസ്ഥ നിർണയിക്കുന്ന സൂചകങ്ങളെ അടിസ്ഥാനമാക്കി രാജ്യത്തെ ഗ്രാമപഞ്ചായത്തുകളെ റാങ്ക് ചെയ്യുന്നതിനാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ മിഷൻ അന്ത്യോദയ സർവേ നടത്തുന്നത്. സാമ്പത്തിക സ്ഥിതിവിവര കണക്ക് ഡെപ്യൂട്ടി ഡയറക്ടർ പി.കെ. അജിത് കുമാർ അധ്യക്ഷത വഹിച്ചു. 

കേരള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി അജയൻ കെ. മേനോൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യൂ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, സാമ്പത്തിക സ്ഥിതിവിവര കണക്ക് ജില്ലാ ഓഫീസർ ആർ. രാജേഷ്, തദ്ദേശസ്വയംഭരണവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ സി.ആർ. പ്രസാദ്, റിസർച്ച് ഓഫീസർ ഷീനാ ഗോപി എന്നിവർ പ്രസംഗിച്ചു. റിസർച്ച് ഓഫീസർ ഷീനാ ഗോപി, സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് കെ.ആർ. ദിലീപ്, റിസർച്ച് ഓഫീസർ പി.വി. അമ്പിളി എന്നിവർ ക്ലാസെടുത്തു.