പാലാ: ''എട്ട് വർഷങ്ങൾക്കു മുൻപ് ഞാൻ അവൾക്കു നൽകിയ മന്ത്രകോടി അണിയിച്ചുവേണം അവളെ നാട്ടിലേക്കു അയക്കാൻ'' മാർട്ടിന്റെ നെഞ്ചു നീറിയുള്ള വാക്കുകളിൽ കണ്ണീരിലാഴ്ന്നു ഉറ്റവരും സുഹൃത്തുക്കളും. ക്യാൻസർ ബാധ്യതയായി മാഞ്ചെസ്റ്റെർ റോയൽ ഇൻഫർമേറി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന പാലാ കാരൂർ വേലിക്കകത്ത് മാർട്ടിൻ വി ജോർജിന്റെ ഭാര്യ അനു മാർട്ടിൻ(37) ആണ് പ്രാർത്ഥനകൾ വിഫലമാക്കി പിഞ്ചോമനകളെയും പ്രിയതമനെയും തനിച്ചാക്കി അനു യാത്രയായത്.
ഞായറാഴ്ച വൈകുന്നേരം 4 മണിയോടുകൂടിയായിരുന്നു അനു മരണത്തിനു കിഴടങ്ങിയത്. അനുവിന്റെ മൃതദേഹത്തിന് സമീപമിരുന്നു കരഞ്ഞു തളർന്ന മാർട്ടിനെ എന്ത് പറഞ്ഞു സമാധാനിപ്പിക്കുമെന്നറിയാതെ കുഴങ്ങുകയായിരുന്നു സഹപ്രവർത്തകരും സുഹൃത്തുക്കളും. എട്ട് വർഷങ്ങൾക്കു മുൻപ് മാർട്ടിൻ അനുവിന് നൽകിയ മന്ത്രകോടി അണിയിച്ചുവേണം നാട്ടിലേക്കു അയക്കാൻ എന്ന് മാർട്ടിൻ പറഞ്ഞതനുസ്സരിച്ച് വായനാട്ടിലെ അനുവിന്റെ സ്വന്തം ഭവനത്തിലിരിക്കുന്ന മന്ത്രകോടി എത്തിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട്.
വേദനകൾ നിറഞ്ഞതായിരുന്നു മാർട്ടിന്റെ ജീവിത വഴി. മാർട്ടിനു 5 വയസുള്ളപ്പോൾ ആയിരുന്നു മാതാവിന്റെ മരണം. വിവാഹം കഴിഞ്ഞു ഇന്നലെ 8 വർഷം തികഞ്ഞപ്പോൾ രണ്ടു പിഞ്ചോമനകളെ നൽകി ജീവിതത്തിൽ എല്ലാമെല്ലാം ആയിരുന്ന ഭാര്യയും ഈ ലോകത്തോട് വിടപറഞ്ഞു. ലിംഫ് നോഡ്സിനെ ബാധിക്കുന്ന നോണ്‍ ഹോഡ്ജകിന്‍സ് ലിംഫോമ (എന്‍.എച്ച്.എല്‍.) എന്ന രക്താര്‍ബുദം ബാധിച്ചാണ് അനു മരിച്ചത്. രണ്ടുവര്‍ഷംമുമ്പാണ് ഈ രോഗം സ്ഥിരീകരിച്ചത്. മൂന്നുമാസം മുൻപ് ഒക്ടോബറിൽ ആണ് നേഴ്സായ ഭർത്താവ് മാർട്ടിൻ യു കെ യിൽ ജോലി ലഭിച്ചു ലിവർപൂളിൽ എത്തിയത്. തുടർന്ന് ജനുവരി 2 നു അനുവും ലിവർപൂളിൽ എത്തിയത്. ഏഴുവയസുള്ള ആഞ്ചലീന, മൂന്ന് വയസുള്ള ഇസബെല്ല എന്നിവരാണ് മക്കൾ.
തന്റെ പ്രിയതമയുടെ വിയോഗത്തിൽ തളർന്നിരിക്കുന്നു മാർട്ടിനെ സമാധാനിപ്പിക്കാനാവാതെ കുഴങ്ങുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും. വയനാട് മാനന്തവാടി കാട്ടിക്കുന്ന് ആണ് അനുവിന്റെ സ്വദേശം. വടക്കേടത്ത് വി.പി. ജോർജ്, ഗ്രേസി എന്നിവരാണ് അനുവിന്റെ മാതാപിതാക്കൾ. നേഴ്സ് ആയ മാർട്ടിൻ ഇറാക്കിലാണ് ജോലി ചെയ്തിരുന്നത്. അനുവിന്റെ രോഗം മൂർച്ഛിച്ചപ്പോൾ ജോലി രാജിവെച്ചു അനുവിനെ പരിചരിക്കാൻ നാട്ടിലെത്തിയിരുന്നു. 2011 മുതല്‍ 2019 വരെ മസ്‌കറ്റില്‍ നഴ്സായി ജോലിചെയ്ത അനു ഇളയകുട്ടിയെ പ്രസവിക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടിലേക്ക് തിരിച്ചത്. ഈ സമയത്താണ് രോഗം ബാധിച്ചതായി കണ്ടെത്തിയത്.
ചികിത്സകൾ നടക്കുന്നതിനിടെയാണ് യു കെ യിൽ അവസരം ലഭിച്ചതും ആദ്യം മാർട്ടിനും പിന്നീട് അനുവും എത്തിയത്. യു കെ യിൽ മികച്ച ചികിത്സ ലഭിക്കുമെന്നും ഇരുവരും കരുതിയിരുന്നു. അനു യു കെ യിൽ എത്തിയ തൊട്ടടുത്ത ദിവസം തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വീട്ടിൽ ഭക്ഷണം കഴിച്ചിരുന്നപ്പോൾ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആദ്യം ലിവർപൂൾ റോയൽ ഹോസ്പിറ്റലിലും പിന്നീട് റോയൽ കാൽറ്റർബ്രിഡ്ജ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. ആരോഗ്യനില കൂടുതൽ വഷളായതിനെ തുടർന്ന് മാഞ്ചെസ്റ്ററിലെ റോയൽ ഇൻഫർമറി ഹോസ്പിറ്റിലിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ലിവർപൂൾ മലയാളി അസോസിയേഷൻ(ലിമ) യുടെ നേതൃത്വത്തിൽ മാര്ട്ടിന് സഹായ ഹസ്തവുമായി മലയാളി സമൂഹം ഒന്നടങ്കം ഉണ്ട്. മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. രോഗം ഭേദമായി എന്ന് വിശ്വസിച്ചിരുന്ന കുടുംബത്തിന് കടുത്ത ആഘാതമായിരുന്നു അനുവിന്റെ മരണം. അനുവിന്റെ കൂടി നിർബന്ധത്തിലാണ് ലിവർപൂൾ ഹാർട്ട് ആൻഡ് ചെസ്റ്റ് ഹോസ്പിറ്റലിൽ നഴ്‌സായി ജോലി ലഭിച്ചപ്പോൾ മാർട്ടിൻ യുകെയിൽ ഇക്കഴിഞ്ഞ ഒക്ടോബറിൽ എത്തിയത്. നാട്ടിൽ വച്ച് ബോൺ മാരോ ട്രാൻസ്‌പ്ലാന്റേഷനിലൂടെ അസുഖം ഭേദമായെന്ന വിശ്വാസത്തിലായിരുന്നു എല്ലാവരും.
അനുവിന്റെ ചികിത്സയ്ക്ക് വേണ്ടി ഏറെ പണം ചിലവഴിച്ച കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അനുവിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനും മറ്റുമായി യുക്മ നാഷണൽ കമ്മിറ്റി പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡന്റ് ബിജു പീറ്റർ, ലിമ പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ്, ലിംക പ്രസിഡന്റ് തോമസ് കുട്ടി ഫ്രാൻസിസ്, യുക്മ നഴ്സസ് ഫോറം കോർഡിനേറ്റർ എബ്രഹാം പൊന്നുംപുരയിടം എന്നിവരുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ നടത്തുന്നുണ്ട്. സംസ്കാരം പിന്നീട് നാട്ടിൽ നടക്കും. അനുവിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനും കുടുംബത്തെ സഹായിക്കുന്നതിനും വേണ്ടി UUKMA യുടെ നേതൃത്വത്തിൽ ഫണ്ട് ശേഖരണം നടത്തുന്നതിനുള്ള നടപിടികൾ ആരംഭിച്ചിട്ടുണ്ട്. മക്കൾ ഇരുവരും നാട്ടിലാണ്.