ശബരി റെയിൽ പാതയുടെ നിർമാണ ചെലവ് 3726.57 കോടി, പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കിയത് കെ-റെയിൽ.


കോട്ടയം: അങ്കമാലി-എരുമേലി ശബരി റെയില്‍പ്പാതയുടെ നിർമാണ ചെലവ് 3726.57 കോടി രൂപയാണ്. കേരളാ റെയില്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡാണ് പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കിയത്. വിശദമായ പദ്ധതി റിപ്പോർട്ടും കെ-റെയിൽ സമർപ്പിച്ചു. നിര്‍മാണ ചെലവിന്റെ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. 

പദ്ധതിക്കായി കേന്ദ്ര ബജറ്റില്‍ 100 കോടി രൂപ അനുവദിച്ചു കഴിഞ്ഞു. കാല്‍നൂറ്റാണ്ടിലധികമായി കേരളം കാത്തിരിയ്ക്കുന്ന ശബരി പാതയുടെ ദൈർഘ്യം 116 കിലോമീറ്ററാണ്. 1997-98 വര്‍ഷത്തെ റെയില്‍വേ ബജറ്റിലാണ് പദ്ധതി ആദ്യമായി നിര്‍ദേശിക്കപ്പെടുന്നത്. 2022-23 റെയില്‍വേ പിങ്ക് ബുക്കില്‍ ഇത് ഉള്‍പ്പെട്ടിരുന്നു. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന പാത ഈ മേഖലയിലെ സാമ്പത്തിക വികസനത്തിന് വേഗം കൂട്ടും. 

പാലാ, തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂര്‍, അങ്കമാലി എന്നീ അഞ്ച് മുനിസിപ്പാലിറ്റികള്‍ക്കും കേരളത്തിലെ 11 ചെറുപട്ടണങ്ങള്‍ക്കും ഇതുവഴി പുതിയ റെയില്‍വേ സ്റ്റേഷനുകള്‍ ലഭിക്കും. അങ്കമാലി-എരുമേലി റെയിൽ പാത ദേശീയ തീർത്ഥാടന കേന്ദ്രമായ ശബരിമലയെയും മറ്റു പ്രധാന തീർത്ഥാടന കേന്ദ്രങ്ങളായ കാലടി, ഭരണങ്ങാനം പള്ളി മത സാഹോദര്യത്തിന്റെ ഭാഗമായ എരുമേലി എന്നിവയെ ബന്ധിപ്പിക്കും. 

എറണാകുളം, കോട്ടയം,പത്തനംതിട്ട ജില്ലകളിലെ പ്രധാന വ്യവസായ വാണിജ്യ കേന്ദ്രങ്ങളുടെ വികസനത്തിനും ഇടുക്കി ജില്ലയെ റെയിൽവേയുമായി ബന്ധിപ്പിക്കുന്നതിനും ഉപകരിക്കുന്നതാണ്. പദ്ധതി മുൻപ് പ്രധാനമന്ത്രിയുടെ പ്രകൃതി പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും കേരള സർക്കാർ പകുതി ചെലവ് വഹിക്കുന്നതിൽ തീരുമാനം കേന്ദ്ര സർക്കാരിനെ അറിയിക്കാത്തതിനാൽ പദ്ധതി മുടങ്ങിയിരിക്കുകയായിരുന്നു. 

എരുമേലി ശബരീ റെയിൽ പാതയുടെ ആകാശ സർവ്വേ ചെറുവിമാനം ഉപയോഗിച്ചുള്ള ലിഡാർ സർവ്വേ രീതിയിൽ പൂർത്തീകരിച്ചിരുന്നു. അങ്കമാലി-എരുമേലി ശബരീപാതയിൽ അങ്കമാലി മുതൽ കാലടി വരെയുള്ള ഭാഗത്ത് 7 കിലോമീറ്റർ പാതയാണു നിലവിൽ പൂർത്തിയായത്. 5 വർഷങ്ങൾക്ക് മുൻപ് 70 കിലോമീറ്റർ അലൈൻമെന്റ് പൂർത്തിയാക്കിയിരുന്നു.