കോട്ടയം: സാക്ഷരതാ പരീക്ഷയിൽ അഭിമാന നേട്ടത്തിൽ തിളങ്ങിയ കോട്ടയത്തിന്റെ സാക്ഷരതാ പ്രേരക്മാരുടെ തിളക്കം മങ്ങുന്നു. കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ജോലി ചെയ്യുന്ന 120 സാക്ഷരതാ പ്രേരക്മാർക്ക് ശമ്പളം നിലച്ചിട്ട് ഇപ്പോൾ മാസങ്ങൾ ആയി.
സാക്ഷരതാ പരീക്ഷ എഴുതുന്നതിൽ ഏറ്റവും പ്രായം കൂടിയ വ്യക്തിയായും സാക്ഷരതാ പരീക്ഷയിൽ 100 ൽ 89 മാർക്ക് നേടി വിസ്മയിപ്പിക്കുകയും ചെയ്ത 104 വയസ്സുകാരി അയർക്കുന്നം സ്വദേശിനി കുട്ടിയമ്മയുടേതുൾപ്പടെ കോട്ടയത്തിനു തിളക്കമാർന്ന അഭിമാന നേട്ടങ്ങൾ സമ്മാനിച്ച സാക്ഷരതാ പ്രേരക്മാരുടെ തിളക്കമാണ് ഇപ്പോൾ മങ്ങുന്നത്. മാസങ്ങളായി ശമ്പളം നിലച്ചതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ഇവർ. പഠനത്തിനും അറിവ് നേടാനും പ്രായം ഒരു തടസ്സമല്ല എന്ന് തെളിയിച്ചു എല്ലാവരിലേക്കും അറിവ് എത്തിക്കുന്നവർക്കാണ് ഇപ്പോൾ ഈ ദുരവസ്ഥയുണ്ടായിരിക്കുന്നത്.
ഗ്രാമപഞ്ചായത്തിൽ പ്രേരക്മാർക്ക് 12000 രൂപയും അസ്സിസ്റ്റന്റിനു 10500 രൂപയും ബ്ലോക്ക് പഞ്ചായത്തുകളിൽ 15000 രൂപയുമാണ് വേതനം. തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലായിരുന്ന ഇവരുടെ പ്രവർത്തനം 2017 ലാണ് സാക്ഷരതാ മിഷനിലേക്ക് മാറ്റിയത്. പിന്നീട് ടാർജറ്റ് വ്യവസ്ഥയും വന്നതോടെ പലരുടെയും ശമ്പളം കുറഞ്ഞു. എതിർപ്പുകൾ ശക്തമായതോടെ 2020 ൽ വീണ്ടും ഇവരെ തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലാക്കി ഉത്തരവിറക്കിയെങ്കിലും നടപ്പിൽ വന്നില്ല.
ശമ്പളം മുടങ്ങിയതോടെ പ്രതിസന്ധിയിലാണ് ഇപ്പോൾ ഇവർ എല്ലാവരും. സർക്കാർ എത്രയും വേഗത്തിൽ ഇടപെട്ട് പരിഹാരം കാണണമെന്ന ആവശ്യത്തിലാണ് ഇവർ.