സമം സാംസ്‌കാരികോത്സവം മാർച്ച് 2 മുതൽ 4 വരെ കുമരകത്ത്.


കോട്ടയം: കേരള സർക്കാർ സാംസ്‌കാരിക വകുപ്പ് സ്ത്രീ സമത്വത്തിനായി സംഘടിപ്പിക്കുന്ന 'സമം സാംസ്‌കാരികോത്സവം' മാർച്ച് രണ്ടു മുതൽ നാലു വരെ കുമരകത്ത് വച്ച് സംഘടിപ്പിക്കുവാൻ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം തീരുമാനിച്ചു. 

സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, സാക്ഷരതാ മിഷൻ, ജില്ലാ പഞ്ചായത്ത് എന്നീ സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തിലാണ് സംഘാടനം നടക്കുക. സ്ത്രീപക്ഷ നിയമങ്ങളെ കുറിച്ചുള്ള അവബോധം, സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുന്നവരുമായുള്ള മുഖാമുഖം, വിവിധ രംഗങ്ങളിൽ മികവ് പ്രകടിപ്പിച്ച വനിതകളെ ആദരിക്കൽ, സിനിമാ പ്രദർശനം, പുസ്തക പ്രദർശനം, കലാപരിപാടികൾ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടക്കും. 

സർവവിജ്ഞാനകോശം ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ്, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ, സാക്ഷരതാ മിഷൻ അസി. ഡയറക്ടർ എ. സന്ദീപ് ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മഞ്ജു സുജിത്ത്, ഹൈമി ബോബി, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത്, സാക്ഷരതാ മിഷൻ ജില്ലാ കോഡിനേറ്റർ ഡോ. വി.വി. മാത്യു, ഡോ. പി. സുവർണ, ഡോ. രേഖ ആർ. നായർ, പി. പ്രവീൺ എന്നിവർ സംസാരിച്ചു.