സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകളുടെ സേവനം പൊതുസമൂഹത്തിന് ഗുണകരമായി ഉപയോഗിക്കും: മുഖ്യമന്ത്രി.


തിരുവനന്തപുരം: സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകളുടെ സേവനം പൊതുസമൂഹത്തിനുകൂടി ഗുണകരമായ രീതിയിൽ ഉപയോഗിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും നിയമപരിപാലനവുമായി ബന്ധപ്പെട്ട് കേഡറ്റുകൾക്കു ലഭിക്കുന്ന അടിസ്ഥാന പാഠങ്ങൾ നിത്യജീവിതത്തിൽ ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം പേരൂർക്കട എസ്.എ.പി. പരേഡ് ഗ്രൗണ്ടിൽ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകളുടെ സെറിമോണിയൽ പരേഡിൽ അഭിവാദ്യം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സ്‌കൂളുകളിൽ സേവനസന്നദ്ധരായി പ്രവർത്തിക്കുന്നതിനുപുറമേ കൂട്ടുകാരുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങൾ കണ്ടെത്തി തിരുത്തുന്നതിന് ഓരോ എസ്.പി.സി. കേഡറ്റിനും ചുമതലയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിന്റെ പ്രധാന ഇരകൾ സ്‌കൂൾ വിദ്യാർഥികളാണ്. യുപി സ്‌കൂൾ വിദ്യാർഥികൾ പോലും ലഹരിമാഫിയയുടെ വലയിൽപ്പെടുന്നുണ്ട്. ലഹരി മാഫിയ ഇവരെ ക്യാരിയർമാരായി ഉപയോഗപ്പെടുത്തുകയാണ്. ഇവരിൽ ചിലരെങ്കിലും ലഹരിവസ്തുക്കൾക്ക് അടിമകളായി മാറുകയും ചെയ്യുന്നു. ഈ വിപത്തിനെ തടഞ്ഞേ മതിയാകൂ. ഈ അവിശുദ്ധ ചങ്ങല പൊട്ടിച്ചെറിയുകയെന്ന വലിയ ദൗത്യമാണ് നാട് ഏറ്റെടുത്തിട്ടുള്ളത്. ഇക്കാര്യത്തിൽ എസ്.പി.സി. കേഡറ്റുകൾക്കു വലിയ പങ്കുവഹിക്കാൻ കഴിയും. 

2010ൽ 127 സ്‌കൂളുകളിൽ 11176 വിദ്യാർഥികളുമായി തുടങ്ങിയ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ്സ് പദ്ധതി ഇന്ന് 1001 വിദ്യാലയങ്ങളിലേക്കു വ്യാപിച്ചിരിക്കുന്നു. പദ്ധതിയിൽ അംഗങ്ങളായ കേഡറ്റുകളുടെ എണ്ണം 88,000 കവിഞ്ഞു. 2500ൽപ്പരം പൊലീസ് ഉദ്യോഗസ്ഥർ, 2000 അധ്യാപകർ തുടങ്ങിയവർ പദ്ധതിയുമായി സഹകരിക്കുന്നു. എസ്.പി.സി പദ്ധതിക്കു ബജറ്റിൽ 15 കോടി രൂപ സർക്കാർ നീക്കിവച്ചിട്ടുണ്ട്. പദ്ധതി അനുവദിക്കണമെന്ന ആവശ്യവുമായി നിരവധി വിദ്യാലയങ്ങൾ സർക്കാരിനെ സമീപിക്കുന്നുണ്ട്. മെറിറ്റ് അടിസ്ഥാനത്തിൽ അവ പരിഗണിക്കും. 2010 മുതൽ ഇതുവരെ 2.5 ലക്ഷത്തിലധികം കേഡറ്റുകൾ പരിശീലനം പൂർത്തിയാക്കി. ദേശീയ, അന്തർദേശീയതലങ്ങളിൽ നിരവധി അംഗീകാരങ്ങൾ എസ്.പി.സിക്കു ലഭിച്ചു. 

അന്താരാഷ്ട്ര ഏജൻസിയായ കെ.പി.എം.ജി. നടത്തിയ പഠനത്തിൽ കുട്ടികളിലും രക്ഷിതാക്കളിലും അധ്യാപകരിലും പൊലീസിലും സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾ മാതൃകാപരമായ മാറ്റങ്ങളുണ്ടാക്കിയെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. എസ്.സി.ഇ.ആർ.ടിയും സ്‌കൂളിനകത്തും പുറത്തും എസ്.പി.സി. വഴി സൃഷ്ടിക്കപ്പെട്ട മാറ്റങ്ങൾ എടുത്തുപറഞ്ഞിട്ടുണ്ട്. ലോകത്തിനുതന്നെ മാതൃകയാക്കാവുന്ന പദ്ധതിയായാണ് യുനിസെഫ് എസ്.പി.സിയെ വിലയിരുത്തിയിട്ടുള്ളത്. അച്ചടക്കവും പൗരബോധവും നേതൃഗുണവും സഹാനുഭൂതിയും കായികക്ഷമതയും കുട്ടികളിൽ സൃഷ്ടിക്കുകയെന്നതാണ് എസ്.പി.സി ലക്ഷ്യമിടുന്നത്. കായിക പരിശീലനങ്ങൾ, ഇൻഡോർ ക്ലാസുകൾ ഫീൽഡ് സന്ദർശങ്ങൾ, പ്രായോഗിക പരിശീലനങ്ങൾ തുടങ്ങിയവ ഇതിന്റെ ഭാഗമായി നടക്കും. എന്നാൽ അതിനു പുറമേ സമൂഹത്തെ തൊട്ടടുത്തറിയാനായി രൂപം നൽകിയിട്ടുള്ള എട്ടു കമ്യൂണിറ്റി പ്രൊജക്ടുകൾ, വിവിധ ക്യാംപുകൾ തുടങ്ങിയവ പരിശീലനത്തിന്റെ ഭാഗമായുണ്ട്. 

ഇതെല്ലാം പൂർണമായ തോതിൽ ഉപയോഗപ്പെടുത്തുന്ന ഓരോ കേഡറ്റും മികച്ച പൗരനായി രൂപാന്തരം പ്രാപിക്കുന്നു. ഓരോ കുട്ടിയുടേയും വ്യക്തിത്വത്തിന്റെ സമഗ്ര വളർച്ചയാണു വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. അത് ക്ലാസ് മുറികളിൽനിന്നു മാത്രം ലഭിക്കുന്നതല്ല. ക്ലാസ് മുറികൾക്ക് അതിന്റേതായ പ്രാധാന്യമുണ്ട്. അക്കാദമികമായ അറിവുകൾ ലഭിക്കുന്നതു ക്ലാസ് മുറികളിൽനിന്നും പാഠപുസ്തകങ്ങളിൽ നിന്നുമാണ്. എന്നാൽ അതിനു പുറത്ത് വലിയൊരു ലോകമുണ്ട്. അതു വിദ്യാർഥികൾ തിരിച്ചറിയണം. അവിടെനിന്നാണ് അനുഭവത്തിന്റെ പുതിയ മേഖലകൾ തുറന്നുകിട്ടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

തിരുവനന്തപുരം സിറ്റിയിലേയും റൂറലിലേയും വിവിധ സ്‌കൂളുകളിലെ 16 പ്ലാറ്റൂണുകളിലെ 500 കേഡറ്റുകൾ പരേഡിൽ പങ്കെടുത്തു. കൊല്ലം റൂറൽ പൂയപ്പള്ളി ഗവൺമെന്റ് ഹൈസ്‌കൂളിലെ ബാൻഡ് സംഘം പരേഡിൽ ബാൻഡ് ഒരുക്കി. സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.