മേലുകാവ് കാഞ്ഞിരം കവലയിൽ ഇറക്കത്തിൽ കരിങ്കലുമായി വന്ന ടോറസ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു.


മേലുകാവ്: മേലുകാവ് കാഞ്ഞിരം കവലയിൽ ഇറക്കത്തിൽ കരിങ്കലുമായി വന്ന ടോറസ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. തിങ്കളാഴ്ച വൈകിട്ട്  ഏഴു മണിയോടെ മേലുകാവ് കാഞ്ഞിരം കവലക്ക് താഴെ തോണികല്ലിന് സമീപം ആണ് ഇറക്കത്തിൽ ടോറസ് ലോറി നിയന്ത്രണംവിട്ടു മറിഞ്ഞത്. 

മേലുകാവിൽ നിന്നും കരിങ്കല്ലുമായി തൊടുപുഴക്കു പോകുകയായിരുന്ന വാഹനമാണ് മറിഞ്ഞത്. അപകടത്തിൽ ഡ്രൈവർക്കും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റിട്ടുണ്ട്. വളവുകളും കുറ്റിറക്കങ്ങളുമുള്ള പാതയിൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. വാഹനം അടുത്തുള്ള മതിലിൽ ഇടിപ്പിച്ചു നിർത്താൻ ശ്രമിച്ചുവെങ്കിലും മറിയുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് ഈരാറ്റുപേട്ടയിൽ നിന്നും അഗ്നിരക്ഷാ സേനയും നന്മക്കൂട്ടം പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് രക്ഷാ പ്രവർത്തനങ്ങൾ നടത്തിയത്. 

അപകടത്തെ തുടർന്ന് ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ഇതിനിടയിൽ അപകടസ്ഥലത്ത് നിന്നും ഒരു ഹെൽമെറ്റ് കണ്ട് കിട്ടിയത് നാട്ടുകാരിൽ ഭീതി പരത്തി. അപകട സമയത്ത് ബൈക്ക് യാത്രക്കാരരെങ്കിലും വാഹനത്തിനടിയിലോ റോഡിനു താഴെക്കോ വീണിട്ടുണ്ടോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശവാസികളും ഫയർഫോഴ്‌സ്, പോലീസ്, നാമാക്കൂട്ടം പ്രവർത്തകരും ചേർന്ന് തിരച്ചിൽ നടത്തുകയും റോഡിൽ അടിഞ്ഞു കൂടിയ മണ്ണും കല്ലും മാറ്റി രാത്രി 11 മണിയോടെ കൂടി ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു.