മണിമല: ഹാൻസ് അപ്പ്! തോക്ക് കയ്യിലേന്തി പട്ടാള വേഷത്തിൽ ഈ ഡയലോഗ് കൂടി കേട്ടപ്പോൾ തെല്ലോന്ന് പേടിച്ചെങ്കിലും ധൈര്യത്തോടെ സ്വതസിദ്ധമായ ചിരിയിൽ പട്ടാളക്കാരനെ മയക്കിയെടുത്ത് എം എൽ എ ഡോ. എൻ ജയരാജ്. മണിമല ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ ഭിന്നശേഷി കലോത്സവം ഉത്ഘാടനം ചെയ്യാൻ എത്തിയപ്പോഴാണ് ഈ ദൃശ്യം അരങ്ങേറിയത്. ഭിന്നശേഷി കലോത്സവവേദിയിൽ ഫാൻസിഡ്രസ്സ് മത്സരത്തിനെത്തിയതായിരുന്നു തോക്കും കയ്യിലേന്തി പട്ടാള വേഷത്തിൽ ഈ കൊച്ചു മിടുക്കൻ. മണിമല സ്വദേശി ടോണിയുടെ മകനായ കെവിനാണ് പട്ടാള വേഷത്തിൽ ഫാൻസിഡ്രസ്സ് മത്സരത്തിനെത്തിയ കൊച്ചു മിടുക്കൻ. 



മണിമല ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഭിന്നശേഷി കലോത്സവം ഉണർവ്വ് 2023 ശനിയാഴ്ച രാവിലെ 10 മണി മുതൽ കരിക്കാട്ടൂർ ഗവ.എൽ.പി. സ്കൂളിൽ വെച്ച് നടന്നു. ഗവണ്മെന്റ് ചീഫ് വിപ്പും കാഞ്ഞിരപ്പള്ളി എം എൽ എ യുമായ ഡോ. എൻ ജയരാജ് പരിപാടികളുടെ ഉത്ഘാടനം നിർവഹിച്ചു. ചടങ്ങിൽ മണിമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പി സൈമൺ അധ്യക്ഷത വഹിച്ചു. എല്ലാവിധ പരിമിതികളെയും മറികടന്ന് തങ്ങളുടെ കഴിവുകള്‍ക്ക് അതിരുകളില്ലെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു കുട്ടികൾ കാഴ്ചവച്ചത്. പാട്ടായും നൃത്തച്ചുവടുകളായും തങ്ങളുടെ സർഗ വാസനകൾ അവർ കാഴ്ചക്കാർക്ക് മുൻപിലെത്തിച്ചു. 



വൈവിധ്യങ്ങളാർന്ന കലാ പരിപാടികളാണ് കുട്ടികൾ അവതരിപ്പിച്ചത്. ശാരീരിക വെല്ലുവിളികൾ മറികടന്ന് വേദിയിലും ആസ്വാദക ഹൃദയങ്ങളിലും വർണം വിതറിയപ്പോൾ കലോത്സവം വേറിട്ട അനുഭവമായി.