മണിമല: എല്ലാവിധ പരിമിതികളെയും മറികടന്ന് തങ്ങളുടെ കഴിവുകള്‍ക്ക് അതിരുകളില്ലെന്ന് തെളിയിച്ച് പാട്ടും ഡാൻസും കളിയും ചിരിയുമായി ഉണർവേകി മണിമലയിൽ ഭിന്നശേഷി കലോത്സവം ഉണർവ്വ് 2023. മണിമല ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഭിന്നശേഷി കലോത്സവം ഉണർവ്വ് 2023 ശനിയാഴ്ച രാവിലെ 10 മണി മുതൽ കരിക്കാട്ടൂർ ഗവ.എൽ.പി. സ്കൂളിൽ വെച്ച് നടന്നു. ഗവണ്മെന്റ് ചീഫ് വിപ്പും കാഞ്ഞിരപ്പള്ളി എം എൽ എ യുമായ ഡോ. എൻ ജയരാജ് പരിപാടികളുടെ ഉത്ഘാടനം നിർവഹിച്ചു. ചടങ്ങിൽ മണിമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പി സൈമൺ അധ്യക്ഷത വഹിച്ചു.
എല്ലാവിധ പരിമിതികളെയും മറികടന്ന് തങ്ങളുടെ കഴിവുകള്‍ക്ക് അതിരുകളില്ലെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു കുട്ടികൾ കാഴ്ചവച്ചത്. പാട്ടായും നൃത്തച്ചുവടുകളായും തങ്ങളുടെ സർഗ വാസനകൾ അവർ കാഴ്ചക്കാർക്ക് മുൻപിലെത്തിച്ചു. വൈവിധ്യങ്ങളാർന്ന കലാ പരിപാടികളാണ് കുട്ടികൾ അവതരിപ്പിച്ചത്. ശാരീരിക വെല്ലുവിളികൾ മറികടന്ന് വേദിയിലും ആസ്വാദക ഹൃദയങ്ങളിലും വർണം വിതറിയപ്പോൾ കലോത്സവം വേറിട്ട അനുഭവമായി. പരിപാടികളിൽ കുട്ടികൾക്കുണ്ടായ സന്തോഷത്തിനുമപ്പുറം തങ്ങളുടെ ഓമനകൾക്ക് അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു വേദി ലഭിച്ചതിലും അവർക്ക് ഒരു പരിഗണന ലഭിച്ചതിന്റെയും സന്തോഷമായിരുന്നു ഓരോ മാതാപിതാക്കളുടെയും മുഖത്ത്.
നിരവധി വിദ്യാർത്ഥികളും മാതാപിതാക്കളും അധ്യാപകരും ഒപ്പം ഗ്രാമപഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരും പങ്കെടുത്തു. ഭിന്നശേഷി കുട്ടികൾക്കായി നടത്തിയ കലോത്സവം ജീവിതത്തിലെ ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവങ്ങളാണ് സമ്മാനിച്ചതെന്നു മണിമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പി സൈമൺ പറഞ്ഞു.