ഉണർവ് പദ്ധതിക്ക് കോട്ടയം ജില്ലയിൽ തുടക്കം.


കോട്ടയം: ലഹരിമുക്തമായ കേരളം എന്ന ആശയം അർഥപൂർണമാക്കാൻ സംസ്ഥാന സർക്കാർ കഴിയാവുന്ന രീതിയിലുള്ള പ്രവർത്തികൾ ഏറ്റെടുത്തിരിക്കുകയാണെന്ന് സഹകരണ-രജിസ്ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ. എക്സൈസ് വകുപ്പ് വിമുക്തി മിഷൻ നടപ്പാക്കുന്ന ഉണർവ് പദ്ധതിയുടെയും പദ്ധതിയിൽ നിർമിച്ച ബാഡ്മിന്റൺ കോർട്ട്, ലോങ്ജംപ് പിറ്റ്, കോട്ടയം വിമുക്തി കൗൺസലിങ് സെന്റർ എന്നിവയുടെയും ഉദ്ഘാടനം കാണക്കാരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ലഹരിക്കെതിരേ നവകേരള മുന്നേറ്റം പ്രചരണ പരിപാടിയുടെ ഭാഗമായി ജില്ലയിൽ നടത്തിയ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയുള്ള സുവനീർ, 'പ്രതീക്ഷ', മോൻസ് ജോസഫ് എം.എൽ.എയ്ക്കു നൽകി മന്ത്രി വി.എൻ. വാസവൻ പ്രകാശനം ചെയ്തു. വിമുക്തി 'ലഹരിയില്ലാ തെരുവ് 2022' പരിപാടിയുടെ സംഘാടനമികവിന് വിമുക്തി ജില്ലാ കോഡിനേറ്റർ വിനു വിജയന് മന്ത്രി ഉപഹാരം സമ്മാനിച്ചു. ചടങ്ങിൽ മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. ഉഴവൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കയിൽ, കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിൻസി സിറിയക്, വൈസ് പ്രസിഡന്റ് ബിജു പഴയപുരയ്ക്കൽ,  ബ്ലോക് പഞ്ചായത്തംഗം കൊച്ചുറാണി സെബാസ്റ്റിയൻ, സ്ഥിരം സമിതി അധ്യക്ഷരായ ലൗലി മോൾ വർഗീസ്, കാണക്കാരി അരവിന്ദാക്ഷൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ വി.ജി. അനിൽകുമാർ, ജോർജ് ഗർവാസീസ്, ത്രേസ്യാമ്മ സെബാസ്റ്റിയൻ, ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ എം.എൻ. ശിവപ്രസാദ്, കോട്ടയം ആർ.ഡി.ഡി. എം. സന്തോഷ് കുമാർ, അസി. എക്സൈസ് കമ്മിഷണറും വിമുക്തി ജില്ലാ മാനേജറുമായ സോജൻ സെബാസ്റ്റിയൻ,  വിമുക്തി ജില്ലാ കോഡിനേറ്റർ  വിനു വിജയൻ, എസ്.എം.സി. ചെയർമാൻ കെ.പി. ജയപ്രകാശ്, ഡി.ഇ.ഒ. കെ.ആർ. ബിന്ദുജി, കാണക്കാരി ജി.വി.എച്ച്.എസ്.എസ്. പ്രധാനാധ്യാപിക സ്വപ്ന ജൂലിയറ്റ്, കാണക്കാരി ജി.വി.എച്ച്.എസ്.എസ്. പ്രിൻസിപ്പൽ എ.ആർ. രജിത സംഘടനാപ്രതിനിധികളായ എസ്. രാജേഷ്, സി.കെ. ബിജു, ത്രേസ്യാമ്മ മാത്യൂ, എം.സി. ജോർജുകുട്ടി, കാണക്കാരി ജി.വി.എച്ച്.എസ്.എസ്. പ്രിൻസിപ്പൽ ആർ. പദ്മകുമാർ എന്നിവർ പങ്കെടുത്തു. 

വിദ്യാലയങ്ങൾ ലഹരി വിമുക്തമാക്കുന്നതിനും സ്‌കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ വിദ്യാർഥികളെ ലഹരി ഉപയോഗിക്കുന്നതിൽ നിന്നു പിന്തിരിപ്പിക്കുന്നതിനും അവരുടെ കർമശേഷിയെ ക്രിയാത്മകമായ മറ്റു മേഖലകളിൽ വിന്യസിക്കുന്നതിനും എക്സൈസ് വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് ഉണർവ്.