കോട്ടയം ജില്ലയിൽ 4 ഗ്രാമപഞ്ചായത്തുകളിൽ ഉപതെരഞ്ഞെടുപ്പ്: തെരഞ്ഞെടുപ്പു വിജ്ഞാപനം പുറപ്പെടുവിച്ചു, വോട്ടെടുപ്പ് ഫെബ്രുവരി 28 നു.


കോട്ടയം: കോട്ടയം ജില്ലയിൽ 4 ഗ്രാമപഞ്ചായത്തുകളിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തി. കോട്ടയം ജില്ലയിലെ കടപ്ലാമറ്റം, വെളിയന്നൂർ, എരുമേലി, പാറത്തോട് ഗ്രാമപഞ്ചായത്തുകളിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരണാധികാരികളുടേയും ഉപ വരണാധികാരികളുടേയും യോഗം തെരഞ്ഞെടുപ്പു ഡെപ്യൂട്ടി കലക്ടർ ജിയോ ടി. മനോജിന്റെ അധ്യക്ഷതയിൽ കളക്‌ട്രേറ്റിൽ ചേർന്നു. 

കടപ്ലാമറ്റം പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ്, വെളിയന്നൂർ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ്, എരുമേലി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ്, പാറത്തോട് ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡ് എന്നിങ്ങനെ നാലു വാർഡുകളിലേക്കാണ് ഫെബ്രുവരി 28ന് ഉപതെരഞ്ഞെടുപ്പു നടക്കുന്നത്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഈ നാലു ഗ്രാമപഞ്ചായത്തുകളിലും ജനുവരി 31 മുതൽ മാതൃകാപെരുമാറ്റച്ചട്ടം നിലവിൽ വന്നിട്ടുണ്ട്. 

ഇന്നലെ തെരഞ്ഞെടുപ്പു വിജ്ഞാപനം പുറപ്പെടുവിച്ചു. ഫെബ്രുവരി ഒൻപത് ആണ് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാനനതീയതി. പത്തിന് സൂക്ഷ്മ പരിശോധന. ഫെബ്രുവരി 13 വരെ പത്രിക പിൻവലിക്കാം. ഫെബ്രുവരി 28നാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ മാർച്ച് ഒന്നിനും.