കോട്ടയം: ജനപ്രിയനായകൻ ദിലീപിന്റെ 148-ാമത്തെ ചിത്രം D148 ന്റെ ഒന്നാം ഷെഡ്യൂൾ കോട്ടയത്ത് പൂർത്തിയായി. നാൽപത് ദിവസത്തെ ഷൂട്ടിങ്ങോടെയാണ് ചിത്രത്തിൻറെ ഒന്നാം ഷെഡ്യൂൾ കോട്ടയത്ത് പൂർത്തിയായത്.
സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്നാണ് നിർമ്മാണം. ഒന്നാം ഷെഡ്യൂൾ കോട്ടയത്തും കുട്ടിക്കാനത്തുമായാണ് പൂർത്തിയായത്. അടുത്ത ഷെഡ്യൂൾ കട്ടപ്പനയിലും പരിസര പ്രദേശങ്ങളിലുമായി മാർച്ച് അവസാനവാരത്തോടെ ആരംഭിക്കും. അൻപത് ദിവസം നീണ്ടുനിൽക്കുന്ന ഈ ഷെഡ്യൂൾ ഒരു വത്യസ്ഥ കാലഘട്ടം ആയിട്ടാണ് ചിത്രീകരിക്കുക. ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് രതീഷ് രഘുനന്ദനാണ്.
നായികമാരായ നീത പിളള, പ്രണിത സുഭാഷ് എന്നിവർക്ക് പുറമേ,അജ്മൽ അമീർ, സിദ്ദിഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി,സന്തോഷ് കീഴാറ്റൂർ, തൊമ്മൻ മാങ്കുവ, രമ്യ പണിക്കർ, മുക്ത, ശിവകാമി എന്നിവരും തമിഴ് താരങ്ങളായ ജോൺ വിജയ്, സംമ്പത് റാം എന്നിവരും ആദ്യ ഷെഡ്യൂൾ ചിത്രീകരണത്തിൽ പങ്കെടുത്തു. അഞ്ഞൂറോളം ജൂനിയർ ആർട്ടിസ്റ്റ്സുമായി കോട്ടയം സി.എം.എസ് കോളേജിൽ ജനുവരി 28 ന് ചിത്രീകരണം തുടങ്ങിയ ചിത്രം, ഈരാറ്റുപേട്ട, പൂഞ്ഞാർ, കാഞ്ഞിരപ്പളളി, കൂട്ടിക്കൽ, കുട്ടിക്കാനം, പീരുമേട് എന്നിവടങ്ങളിലായാണ് ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയത്. ചിത്രത്തിന്‍റെ ടൈറ്റിൽ പ്രഖ്യാപനം ഉടൻ ഉണ്ടാകും.