കടുത്ത ചൂടിൽ നിർജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാം കരുതൽ വേണം: മന്ത്രി വീണാ ജോർജ്.


തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നതനുസരിച്ച് നിർജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കരുതൽ വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. ചിക്കൻപോക്സ്, വയറിളക്ക രോഗങ്ങൾ എന്നിവയ്ക്കെതിരെ ജാഗ്രത വേണം. സൂര്യാതപമേൽക്കാനുള്ള സാധ്യതയുള്ളതിനാൽ നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. കെട്ടിടങ്ങൾക്ക് പുറത്ത് ജോലി ചെയ്യുന്നവർ സമയക്രമം കർശനമായി പാലിക്കണം.

 

 രാവിലെ 11 മുതൽ വൈകുന്നേരം 3 വരെ സമയം നേരിട്ടുള്ള വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. യാത്രാ വേളയിൽ വെള്ളം കരുതുന്നു എന്നുറപ്പാക്കണം. കടകളിൽ നിന്നും പാതയോരങ്ങളിൽ നിന്നും ജ്യൂസ് കുടിക്കുന്നവർ നല്ല വെള്ളവും ഐസ് ശുദ്ധജലത്തിൽ നിന്നുണ്ടാക്കിയതാണെന്നും ഉറപ്പ് വരുത്തണം. അല്ലെങ്കിൽ മറ്റുപല രോഗങ്ങളുമുണ്ടാകും. നേരിട്ടുള്ള വെയിലേൽക്കാതിരിക്കുക. 

കുടയോ തൊപ്പിയോ ഉപയോഗിക്കുക. പ്രായമായവർ, ചെറിയ കുട്ടികൾ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ, വെയിലത്ത് ജോലി ചെയ്യുന്നവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷാ വകുപ്പും ചേർന്ന് ജ്യൂസ് കടകളിലുപയോഗിക്കുന്ന ഐസ് ശുദ്ധജലം ഉപയോഗിച്ചുള്ളതാണോയെന്ന് പരിശോധനകൾ നടത്തും. തീപിടിത്തം ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം. ആശുപത്രികളും ജാഗ്രത പുലർത്തണം. 

പനി നിരീക്ഷണം ശക്തമാക്കാനും ഫീൽഡുതല പ്രവർത്തനങ്ങളുടെ റിപ്പോർട്ടിംഗ് കൃത്യമായി നടത്താനും നിർദേശം നൽകി. ശക്തമായ പനി, തൊണ്ടവേദന, ചുമ എന്നീ രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകൾ ഇൻഫ്ളുവൻസ് പരിശോധനയ്ക്ക് അയയ്ക്കണമെന്ന് ഡോക്ടർമാർക്ക് നിർദേശം നൽകി. ഇൻഫ്ളുവൻസ് രോഗലക്ഷണമുള്ളവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയയ്ക്കുന്നതാണ്. പനിയുണ്ടായാൽ ആരംഭത്തിൽ തന്നെ ചികിത്സ തേടണം. ആരോഗ്യ ജാഗ്രത കലണ്ടർ കൃത്യമായി പാലിക്കണം. ആരോഗ്യ ജാഗ്രത നിർദേശം സംബന്ധിച്ച മാർഗനിർദേശം പുറത്തിറക്കും. 

ശേഖരിച്ചു വയ്ക്കുന്ന വെള്ളം കൊതുകിന്റെ സ്രോതസ് ആകുന്നില്ല എന്നുറപ്പാക്കണം. ആശുപത്രികൾ മരുന്ന് ലഭ്യത ഉറപ്പ് വരുത്തണം. അവബോധം ശക്തപ്പെടുത്തണം. മഴക്കാല പൂർവശുചീകരണ പ്രവർത്തനങ്ങൾ പൂർണമായും നടപ്പിലാക്കണം. വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളിൽ മുൻകൂട്ടി നിപ പ്രതിരോധ ജാഗ്രത നിർദേശം നൽകണമെന്നും മന്ത്രി നിർദേശിച്ചു. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.