കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിനും ഒപ്പം കോട്ടയത്തിനും വാനോളം അഭിമാനം സമ്മാനിച്ചു പ്രതിസന്ധികളിൽ തളർന്നിരിക്കുന്നവർക്ക് വീണ്ടും കരുത്തോടെ ജീവിത ലേഖ്യങ്ങളിൽ എത്തിച്ചേരാനുള്ള പ്രചോദനമാകുകയാണ് കോട്ടയം മെഡിക്കൽ കോളജ് ഗ്യാസ്ട്രോ സർജറി മേധാവിയായ ഡോ ആർ എസ് സിന്ധു. സംസ്ഥാന സർക്കാരിന്റെ വനിതാ രത്ന പുരസ്കാരമാണ് ഡോക്ടറെ തേടിയെത്തിയത്.

 

 ജീവിതത്തിൽ പെട്ടെന്നുണ്ടാകുന്ന അപകട സന്ധികളിൽ തളർന്നു പോകുന്നവർക്ക് ഉയർത്തെഴുന്നേറ്റ് കുതിക്കാനുള്ള ഊർജ്ജമാണ് സിന്ധു ഡോക്ടർ. മൂന്നു വയസുള്ളപ്പോൾ പോളിയോ ബാധിച്ച് ഡോക്ടറുടെ കാലുകൾ തളർന്നു. എല്ലാ ചികിത്സകളും നടത്തി നോക്കിയെങ്കിലും 60 ശതമാനം വൈകല്യം ബാധിച്ചതായി ഡോക്ടർമാർ കണ്ടെത്തി. അവിടെ നിന്നാണ് തന്റെ വിജയഗാഥയുടെ ചവിട്ടുപടികൾ കയറിയെത്താൻ ഡോക്ടർ തീരുമാനിക്കുന്നത്. തന്റെ വൈകല്യങ്ങളിൽ ഒതുങ്ങിക്കൂടിയിരിക്കാനല്ല മറിച്ച് തന്റെ ആഗ്രഹങ്ങൾക്കൊപ്പം ജീവിതത്തിൽ വിജയിച്ചെത്താനായിരുന്നു ഡോ ആർ എസ് സിന്ധു തീരുമാനിച്ചത്. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ നിന്നും സർജിക്കൽ ഗ്യാസ്‌ട്രോ പഠനം നടത്തിയ ആദ്യ വനിതാ ഡോക്ടർ ആയി ഡോക്ടർ മാറിയത്, നിശ്ചയദാർഢ്യത്തിന്റെ വിജയമാണ് ഡോക്ടറെ തേടിയെത്തിയ അംഗീകാരം. 



സർക്കാർ മേഖലയിൽ വിജയകരമായ ആദ്യ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ കോട്ടയം മെഡിക്കൽ കോളജ് ഗ്യാസ്ട്രോ സർജറി മേധാവിയാണ് ഡോ. ആർ എസ് സിന്ധു. വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തി മുദ്ര പതിപ്പിച്ച വനിതയായാണ് കോട്ടയം ഗവ. മെഡിക്കൽ കോളേജ് സർജിക്കൽ ഗാസ്ട്രോ എൻട്രോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. ആർ.എസ്. സിന്ധുവിനെ വനിതാരത്ന പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. വൈകിട്ട് നാലിന് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‍കാരം സമ്മാനിച്ചു. കേരളത്തിൽ സർക്കാർ മേഖലയിൽ വിജയകരമായി ആദ്യ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടറാണ് ആർ.എസ്. സിന്ധു. കോട്ടയം മെഡിക്കൽ കോളേജിൽ 3 കരൾ മാറ്റിവയ്ക്കൽ ശസ്ത്രകിയകൾ ഇതിനോടകം വിജയകരമായി യാഥാർത്ഥ്യമാക്കി. കേരളത്തിൽ നിന്ന് ആദ്യമായി സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജിയിൽ എംസിഎച്ച് നേടിയ വനിതയാണ് ഡോ. ആർ.എസ്. സിന്ധു. 

ക്രച്ചസിൽ നിന്നുകൊണ്ട് ആണ് സങ്കീർണമായ ശസ്ത്രക്രിയകൾ എല്ലാം തന്നെ ഡോക്ടർ വിജയകരമാക്കിയത്. ഇന്ത്യൻ അസോസിയേഷൻ ഓഫ് സർജിക്കൽ ഗ്യാസ്ട്രോ എന്ററോളജി, റിസർച് പേപ്പർ അവാർഡ് (2012), വനിതാ അവാർഡ് (2014,) എന്നിവയും ഡോ. ആർ.എസ്. സിന്ധുവിനെ തേടിയെത്തിയിട്ടുണ്ട്. തിരുവനന്തപുരം തമ്പാനൂർ കേശവ നിവാസിൽ പരേതനായ ടി.കെ.സദാശിവൻ നായരുടെയും എ.രാധയുടെയും മൂത്ത മകളായ ഡോ. ആർ.എസ്. സിന്ധു കരൾമാറ്റ ശസ്ത്രക്രിയയിലെ ടീം ലീഡറായി രണ്ടു വർഷമായി പ്രവർത്തിച്ചു വരികയാണ്. ജീവിതത്തിൽ പെട്ടെന്നുണ്ടാകുന്ന അപകട സന്ധികളിൽ തളർന്നു പോകുന്നവർക്ക് ഉയർത്തെഴുന്നേറ്റ് കുതിക്കാനുള്ള ഊർജ്ജമാണ് സിന്ധു ഡോക്ടർ. 20 വർഷത്തിനിടെ ഡോ. ആർ.എസ്. സിന്ധു ആയിരത്തിലധികം ശസ്ത്രക്രിയകൾ നടത്തി. ഇപ്പോൾ കോട്ടയം മെഡിക്കൽ കോളജ് സർജിക്കൽ ഗ്യാസ്ട്രോ എന്ററോളജി വിഭാഗം അസോഷ്യേറ്റ് പ്രഫസറാണ് ഡോ. ആർ.എസ്. സിന്ധു. 

കേരളത്തിൽ സാധാരണക്കാർക്ക് കരൾമാറ്റ ശസ്ത്രക്രിയക്കുള്ള സൗകര്യങ്ങൾ കൂടി ലഭ്യമാകുന്ന ആശുപത്രിയായി കോട്ടയം മെഡിക്കൽ കൊളേജ് മാറിയപ്പോൾ ഡോ. സിന്ധുവാണ് പരിശീലനം പൂർത്തിയാക്കി ആ വിഭാഗത്തിന്റെ എച്ച്ഒഡി യായി ചുമതല ഏറ്റത്. 2022 ഫെബ്രുവരി 12 നായിരുന്നു ആദ്യ ശസ്ത്രക്രിയ നടത്തിയത്. തൃശൂർ വേലൂർ വട്ടേക്കാട്ടിൽ സുബിഷിനാണ് അന്ന് കരൾ മാറ്റി വച്ചത്. ഭാര്യ പ്രവിജയാണ് കരൾ നൽകിയത്. ഡോ. സിന്ധുവിന്റെ നേതൃത്വത്തിൽ 29 ഡോക്ടർമാരും 9 ടെക്‌നീഷ്യന്മാരും ഉൾപ്പെടുന്ന സംഘമാണ് ശസ്ത്രക്രിയ വിജയകരമായിപൂർത്തീകരിച്ചത്.