ഇ-കൊമേഴ്സ് ശക്തമാക്കാൻ കുടുംബശ്രീ; ഉത്പന്നങ്ങൾ ഇനി ഒ.എൻ.ഡി.സി യിലും, 140 ഉത്പന്നങ്ങൾ ലഭ്യം.


തിരുവനന്തപുരം: കുടുംബശ്രീ ഉൽപന്നങ്ങൾ ഇനി ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ് (ഒ.എൻ.ഡി.സി) പ്ലാറ്റ്ഫോമിലും. കുടുംബശ്രീ സംരംഭകർ ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾ ഫലപ്രദമായി വിറ്റഴിക്കാനും വരുമാനലഭ്യത ഉറപ്പു വരുത്താനുമാണിത്.  ഇ-കൊമേഴ്സ് വിപണന ശൃംഖലയിൽ ഉൽപാദകർക്കും ഉപഭോക്താക്കൾക്കും തുല്യപ്രാതിനിധ്യം ഒ.എൻ.ഡി.സിയലൂടെ ലഭിക്കും.

 

ഒ.എൻ.ഡി.സി പ്ലാറ്റ്ഫോമിൽ ഉൽപന്നങ്ങളെത്തിച്ചുകൊണ്ട് ഈ രംഗത്തെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. നിലവിൽ പ്രമുഖ ഓൺലൈൻ വ്യാപാര സ്ഥാപനങ്ങളായ ആമസോൺ വഴി 635ഉം ഫ്ളിപ്കാർട്ടിലൂടെ 40ഉം കുടുംബശ്രീ ഉൽപന്നങ്ങൾ വിറ്റഴിക്കുന്നുണ്ട്. ഡിജിറ്റൽ കൊമേഴ്സ് രംഗത്തെ ഉപഭോക്താക്കൾക്കിടയിൽ ഈ ഉൽപന്നങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുത്താണ് ഇപ്പോൾ ഒ.എൻ.ഡി.സിയുമായി കൈ കോർക്കുന്നത്. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ വിവിധ കുടുംബശ്രീ സംരംഭകർ ഉൽപാദിപ്പിക്കുന്ന ഭക്ഷ്യോൽപന്നങ്ങൾ ഉൾപ്പെടെ 140 വ്യത്യസ്ത ഉൽപന്നങ്ങൾ ഒ.എൻ.ഡി.സി പ്ളാറ്റ്ഫോമിൽ ലഭ്യമാക്കും. 

അട്ടപ്പാടിയിലെ പട്ടികവർഗ മേഖലയിൽ നിന്നുള്ള കുടുംബശ്രീ സംരംഭകർ തയ്യാറാക്കുന്ന ബ്രാൻഡഡ് ഉൽപന്നങ്ങളും ഇതിലൂടെ ലഭ്യമാകും. സുഗന്ധവ്യഞ്ജനങ്ങളും ഇതിൽ ഉൾപ്പെടും. ഉപഭോക്താക്കൾക്ക് ഒ.എൻ.ഡി.സി പ്ളാറ്റ്ഫോമിൽ ലഭ്യമാകുന്ന ബയർ ആപ്ളിക്കേഷനുകൾ വഴി തങ്ങൾക്കിഷ്ടമുളള ഉൽപന്നങ്ങൾ വാങ്ങാനാകും. ഓർഡർ നൽകുന്നതോടൊപ്പം രാജ്യത്തെവിടെയും ഡെലിവറി ചെയ്യാനുള്ള സേവന ദാതാവിനെ തിരഞ്ഞെടുക്കാനുള്ള സൗകര്യവും ഉപഭോക്താവിനുണ്ട്. ഓർഡർ പ്രകാരമുള്ള ഉൽപന്നങ്ങൾ തൃശൂരിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ ബസാറിൽ നിന്നും പായ്ക്ക് ചെയ്ത് അയയ്ക്കും. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകർക്കും ചെറുകിട വ്യാപാരികൾക്കും തങ്ങളുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാനും ഉത്പന്ന വിപണനം പ്രോത്സാഹിപ്പിക്കാനുമുള്ള ഭാരത സർക്കാരിന്റെ പദ്ധതിയാണ് ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ്. 

ഇതിൽ കുടുംബശ്രീ ഉത്പന്നങ്ങൾ എത്തിക്കുന്നതിനുള്ള സാങ്കേതിക സഹായം നൽകുന്നത് ബംഗളൂരു ആസ്ഥാനമായ സെൽമെട്രിക് പ്രൈവറ്റ് ലിമിറ്റഡാണ്. സർക്കാരിന്റെ മൂന്നാം നൂറ്ദിന പരിപാടിയുടെ ഭാഗമായാണ് ഒ. എൻ.ഡി. സി പ്ലാറ്റ്‌ഫോമിനു തുടക്കമായത്. ഒ.എൻ.ഡി.സിയുടെ https://ondc.org/ondc-buyer-apps/ ലിങ്കിൽ വിവിധ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്നും കുടുംബശ്രീയുടെ ഉൽപന്നങ്ങൾ വാങ്ങിക്കാൻ കഴിയും.