കോട്ടയം: തലയോലപ്പറമ്പ് എ.ജെ. ജോൺ മെമ്മോറിയൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനി ആമിന മെഹജബിൻ ഹരിതവിദ്യാലയം സീസൺ ത്രീ റിയാലിറ്റി ഷോയിൽ ബെസ്റ്റ് പെർഫോമറായി തിരഞ്ഞെടുക്കപ്പെട്ടു.
തിരുവനന്തപുരത്ത് ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടന്ന ഹരിത വിദ്യാലയം ഗ്രാൻഡ് ഫിനാലെയിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. 109 സ്‌കൂളുകളിൽ നിന്നുള്ള ടീമുകളാണ് പങ്കെടുത്തത്. തലയോലപ്പറമ്പ് ചൈതന്യയിൽ അബ്ദുൽ ജലീലിന്റെയും ജാസ്മിന്റെയും മകളാണ്.
എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ആമിന മെഹജബിൻ പാഠ്യേതര വിഷയങ്ങളിലും മുന്നിലാണ്. റിയൽ ബുക്ക് എന്ന പേരിൽ കോവിഡ് കാലത്ത് ആരംഭിച്ച യൂട്യൂബ് ചാനലിൽ പുസ്തകങ്ങളെ പരിചയപ്പെടുത്തിയിരുന്നു. വിക്ടെർസ് ചാനലിൽ ആമിന മെഹജബിന്റെ യൂട്യൂബ് ചാനലിനെ കുറിച്ച് പ്രത്യേക പരാമർശവും ഉണ്ടായിരുന്നു.