സ്വപ്നങ്ങൾ മനസ്സിൽ കാത്ത് സൂക്ഷിക്കേണ്ടവരല്ല പ്രവർത്തികമാക്കേണ്ടവരാണ് സ്ത്രീകൾ! സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുന്നതിന് പ്രതിബന്ധമായി നിന്ന വെല്ലുവിളികളെ സ


ഏറ്റുമാനൂർ: സ്വപ്നങ്ങൾ മനസ്സിൽ കാത്ത് സൂക്ഷിക്കേണ്ടവരല്ല പ്രവർത്തികമാക്കേണ്ടവരാണ് സ്ത്രീകൾ എന്ന് തീർത്ഥ ഹേമന്ദ്. അന്താരാഷ്ട്ര വനിതാ ദിനത്തിൽ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുന്നതിന് പ്രതിബന്ധമായി നിന്ന വെല്ലുവിളികളെ സധൈര്യം നേരിട്ട വനിതയ്ക്ക് ആദരമർപ്പിച്ച് സംസാരിക്കുകയായിരുന്നു ഏറ്റുമാനൂർ തീർത്ഥാസ് ടൂത്ത് അഫയർ ചീഫ് ഡെന്റൽ സർജനായ തീർത്ഥ ഹേമന്ദ്.

 

 നാഷണൽ പെർമിറ്റ് ലോറിയിൽ ലോഡുമായി 23 ദിവസം നീണ്ട യാത്ര നടത്തി കോട്ടയത്തിന്റെ സൂപ്പർ വുമൺ താരമായി മാറിയ ഏറ്റുമാനൂർ ചെറുവാണ്ടൂർ സ്വദേശിനി പുത്തേട്ട് പി.എസ്.രതീഷിന്റെ ഭാര്യ ജലജ രതീഷിനെയാണ് വനിതാ ദിനത്തിൽ ആദരിച്ചത്. 



2018 ലെയും 2019 ലെയും കേരളത്തിലെ പ്രളയ രക്ഷാ പ്രവർത്തനങ്ങൾക്കും മലമ്പുഴ ചേറോട് മലയിലെ അസാധാരണമായ രക്ഷാ ദൗത്യത്തിനും നേതൃത്വം നൽകിയ ഏറ്റുമാനൂർ മുത്തുച്ചിപ്പി വീട്ടിൽ റിട്ട.എക്സൈസ് ഓഫീസർ ടി കെ രാജപ്പന്റെയും സി എസ് ലതികാഭായിയുടെയും മകനായ ലഫ്റ്റനന്റ് കേണൽ ഹേമന്ദ്‌ രാജിന്റെ ഭാര്യയാണ് തീർത്ഥാസ് ടൂത്ത് അഫയർ ചീഫ് ഡെന്റൽ സർജനായ ഡോ. തീർത്ഥ ഹേമന്ദ്. കശ്മീർ കാണണമെന്ന ആഗ്രഹമാണ് ജലജയെ സാഹസിക യാത്രയുടെ ആവേശത്തിൽ എത്തിച്ചത്. ലോറി ട്രാൻസ്പോർട്ട് ഉടമയെ രതീഷിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് ലോറി. സ്ത്രീകളുടെ ഉറച്ച കാൽവെയ്പുകളെ, തീരുമാനങ്ങളെ, മുന്നേറ്റങ്ങളെ, നിലപാടുകളെ, നേട്ടങ്ങളെയൊക്കെ ആദരവോടെ ആഘോഷിക്കുന്ന ദിനമാണ് വനിതാ ദിനമെന്നു ഡോ. തീർത്ഥ പറയുന്നു. 95 ശതമാനം വനിതാ ജീവനക്കാരുമായി പ്രവർത്തിക്കുന്ന ക്ലിനിക്കിൽ അവർക്കെല്ലാം പ്രചോദനമാകുന്ന ഒരാളെ ഈ ദിവസം അതിഥിയായി സ്വന്തം നാട്ടിൽ നിന്ന് തന്നെ തെരഞ്ഞെടുക്കാനാകുക എന്നത് വലിയ അഭിമാനമാണ് എന്നും ഡോ. തീർത്ഥ ഹേമന്ദ് പറഞ്ഞു. 



ഇന്ത്യയിലെ പ്രധാന ട്രക്ക് നിർമാതാക്കളായ ഭാരത് ബെൻസ് ഒരു ക്യാംപെയ്ൻ നടത്തിയിരുന്നു. ഹെവി ട്രക്ക് പോലുള്ള വമ്പൻ വാഹനങ്ങളുടെ വളയം പിടിക്കാൻ കൂടുതൽ സ്ത്രീകളെ ആകർഷിക്കുക എന്നതായിരുന്നു 'ഭാരത് ഫോർ വിമൻ' എന്ന ആ ക്യാംപെയ്ൻ ലക്ഷ്യമിട്ടത്. ഒരു മലയാളി ട്രക്ക് ഡ്രൈവറായിരുന്നു ആ ക്യാംപെയിനിന്റെ പെൺമുഖം, കോട്ടയം ഏറ്റുമാനൂർ ചെറുവാണ്ടൂർ സ്വദേശി ജലജ രതീഷ്. പെണ്ണുങ്ങൾക്ക് പറ്റിയ പണിയാണോ ഇത്, സ്ത്രീകൾ ഇങ്ങനെ രാത്രിയിൽ ലോഡൊക്കെ കയറ്റി പോകുന്നത് സുരക്ഷിതമാണോ എന്നു ചോദിച്ചാൽ "ഞാൻ എന്റെ തൊഴിൽ ചെയ്യുന്നു" എന്ന് ജലജ അഭിമാനത്തോടെ പറയും. ഒരു മാസത്തോളം ഡ്രൈവ് ചെയ്യുക എന്നത് ഒരു സ്ത്രീയെ ആ ചിന്തയിൽ നിന്ന് തന്നെ പിന്തിരിപ്പിക്കാൻ പറ്റുന്ന കനമുള്ള കാരണമാണ്  പ്രത്യേകിച്ച് ചരക്ക് ലോറികൾ പോലെയുള്ള വാഹനങ്ങൾ സ്ത്രീകൾ തെരഞ്ഞെടുക്കാറില്ല, ഹെവി ലൈസൻസ് എപ്പോഴും പുരുഷ്ന്മാരുടെ മാത്രം  അവകാശമെന്ന ധാരണ ഇന്ത്യയിൽ സ്ത്രീകൾ അടക്കമുള്ള പൊതുസമൂഹത്തിനുണ്ട്. 



സ്ത്രീകൾക്കും നീണ്ട മണിക്കുറുകൾ ഡ്രൈവ് ചെയ്യാം, ഉത്തരവാദിത്വത്തോടെ ലോഡുകൾ അന്യ സംസ്ഥാനങ്ങളിൽ എത്തിക്കാം,കൂടെ ഇഷ്ട്ടപ്പെട്ട സ്ഥലങ്ങൾ കാണാം എന്ന് ജലജ കൂളായി കാണിച്ചു തരുന്നു. ഭക്ഷണവും വെള്ളവും ഇല്ലാതെ പലയിടങ്ങളിൽ പെട്ടുപോകില്ലേ, രാത്രിയിൽ വണ്ടി കേടായാൽ എന്ത് ചെയ്യും എന്ന് ചോദിക്കുന്നവരോട് സാധാരണ ഡ്രൈവർമാർ എന്ത് ചെയ്യുമോ അത് തന്നെ ചെയ്യും എന്ന് ധൈര്യത്തോടെ പറയുന്ന ജലജ സ്ത്രീകൾക്ക് പ്രചോദനമായി മാറുകയാണ്. കോട്ടയത്തുനിന്നും ശ്രീനഗറിലേയ്ക്ക് ട്രക്കോടിച്ചാണ് കശ്മീർ കാണണമെന്ന മോഹം ജലജ നടത്തിയത്. ഭീകരരുടെ ആക്രമണം നിരന്തരമുണ്ടാകുന്ന ശ്രീനഗറിന്റെ ഹൃദയത്തിലൂടെയാണ് ജലജ നാഷണൽ പെർമിറ്റ് ലോറി പായിച്ചത്. 



എന്റെ ഭർത്താവ് കാശ്മീരിലാണ്, ആ സ്ഥലത്തുകൂടിയുള്ള യാത്ര എത്ര ശ്രമകരമാണ് എന്ന് കേട്ടറിയാം എന്നും ജലജ പറയുന്നു. സ്വപ്നങ്ങൾക്ക് പിന്നാലെ നാഷണൽ പെർമിറ്റ് ലോറി പായിക്കുന്ന ജലജ എല്ലാ സ്വപ്നം കാണുന്ന സ്ത്രീകൾക്കും പ്രചോദനമാണ് .നിശ്ചയദാർഢ്യമുണ്ടെങ്കിൽ ആർക്കും എന്തും സാധ്യമാകും എന്നതാണ് ജലജ തെളിയിച്ചത്.