കോട്ടയം: കോട്ടയം സ്വദേശി തോട്ടം ശിവകരൻ നമ്പൂതിരിയെ ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി തെരഞ്ഞെടുത്തു. കോട്ടയം ഉഴവൂർ കുറിച്ചിത്താനം സ്വദേശി തോട്ടം ശിവകരൻ നമ്പൂതിരിയെ (58) ഏപ്രിൽ ഒന്നു മുതൽ അടുത്ത ആറ് മാസത്തേക്കുള്ള ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായാണ് തെരഞ്ഞെടുത്തത്.
കഴിഞ്ഞ ദിവസം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ സാന്നിധ്യത്തിൽ നടത്തിയ നറുക്കെടുപ്പിലാണ് തോട്ടം ശിവകരൻ നമ്പൂതിരിക്ക് ഗുരുവായൂരപ്പൻ്റെ മേൽശാന്തിയാകാനുള്ള നിയോഗം ലഭിച്ചത്. മേൽശാന്തി തെരഞ്ഞെടുപ്പിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. പി.സി.ദിനേശൻ നമ്പൂതിരിപ്പാട് കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ച 39 പേരിൽ 33 പേർ ഹാജരായി. ഇവരിൽ നിന്നും യോഗ്യത നേടിയ 28 പേരുടെ പേരുകൾ എഴുതി വെള്ളിക്കുടത്തിൽ നിക്ഷേപിച്ച ശേഷമാണ് നറുക്കിട്ടത്.
തെരഞ്ഞെടുക്കപ്പെടുന്ന മേൽശാന്തി ക്ഷേത്രത്തിലെ ഭജനത്തിനു ശേഷം മാർച്ച് 31 ന് അടയാള ചിഹ്നമായ താക്കോൽക്കൂട്ടം ഏറ്റുവാങ്ങി പുറപ്പെടാ ശാന്തിയായി ചുമതലയേൽക്കും.
കുറിച്ചിത്താനം ശ്രീധരി ആയുർവേദ ആശുപത്രിയിലെ ചീഫ് ഫിസിഷ്യൻ, തോട്ടം സാമവേദപാഠശാലയുടെ ചുമതലക്കാരൻ, പാഞ്ഞാൾ അതിരാത്രത്തിലെ പ്രധാനി തുടങ്ങിയ ചുമതലകൾ വഹിക്കുന്നുണ്ട്. സാമവേദ ആചാര്യനുമാണ്.