കോട്ടയം: പകലെന്നോ രാത്രിയെന്നോ ഇല്ലാതെ തെരുവ്‌നായ്ക്കളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ് കോട്ടയം റെയിൽവേ സ്റ്റേഷൻ. റെയിൽവേ സ്റ്റേഷൻ പരിസര പ്രദേശത്തു മാത്രമല്ല പ്ലാറ്റ്‌ഫോമുകളിലും കാത്തിരിപ്പ് സ്ഥലങ്ങളിലും വരെ കടിപിടികൂടി വിഹരിക്കുകയാണ് തെരുവ്‌നായ്ക്കൾ.
കടിപിടി ബഹളവും ശല്യവും കൂടിയതോടെ ഭീതിയിലാണ് സ്റ്റേഷനിൽ എത്തുന്ന യാത്രക്കാർ. പത്തിലധികം തെരുവ്‌നായ്ക്കളാണ് റെയിൽവേ സ്റ്റേഷനിൽ ഭീതി പരത്തി സ്വൈര്യ വിഹാരം നടത്തുന്നത്. പുലർച്ചെയും രാത്രിയും എത്തുന്നവർ ഇപ്പോൾ ഭീതിയിലാണ്. പ്ലാറ്റ്‌ഫോമിലും നടപ്പാതയിലും പാർക്കിങ് ഏരിയയിലുമെല്ലാം തെരുവ്‌നായ്ക്കളുടെ ശല്യമാണ്. പരസ്പരം കടിപിടി കൂടുകയും യാത്രക്കാരുടെ നേർക്ക് കുറച്ചു കൊണ്ട് ചാടുകയും പാഞ്ഞടുക്കുകയും ചെയ്യുന്നതോടെ യാത്രക്കാർ ഭീതിയിലാണ്.
യാത്രക്കാരുടെ സുരക്ഷയ്ക്ക് നേരെ അധികൃതർ കണ്ണടയ്ക്കുകയാണെന്നു പരാതിയുയർന്നിട്ടുണ്ട്. ദിവസേന സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കം ആയിരക്കണക്കിന് യാത്രക്കാരാണ് കോട്ടയം റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്നത്.