തിരുവനന്തപുരം: സംസ്ഥാനത്ത് പകൽച്ചൂട് രൂക്ഷമായ സാഹചര്യത്തിൽ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ തൊഴിൽ സമയം 2023 മാർച്ച് രണ്ടുമുതൽ ഏപ്രിൽ 30 വരെ പുനഃക്രമീകരിച്ച് ലേബർ കമ്മിഷണർ ഉത്തരവ്. പകൽ സമയം വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12.00 മണി മുതൽ 3.00 മണി വരെ വിശ്രമവേളയായിരിക്കും.
ഇവരുടെ ജോലി സമയം രാവിലെ 7.00 മണി മുതൽ വൈകുന്നേരം 7.00 മണി വരെയുളള സമയത്തിനുളളിൽ എട്ടു മണിക്കൂറായി നിജപ്പെടുത്തിയിട്ടുണ്ട്. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12.00 മണിക്ക് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുളള ഷിഫ്റ്റ് വൈകുന്നേരം 3.00 മണിക്ക് ആരംഭിക്കുന്ന പ്രകാരവും പുനഃക്രമീകരിച്ചിട്ടുണ്ട്.